ബിഹാറിലെ ജാതി സെൻസസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നരേന്ദ്ര മോദി

ഭോപാല്‍ : ബിഹാറിലെ ജാതി സെൻസസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ജാതി സെന്‍സസ് രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ജാതി സെന്‍സസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജാതി സെന്‍സസിലൂടെ പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും നരേന്ദ്ര മോദി തുറന്നടിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്നാണ് ബിഹാറിലെ ജാതി സെന്‍സസിന്റെ കണക്കുകള്‍ ബിഹാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് സെന്‍സിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദിയുടെ പ്രതികരണം.

പുതിയ സെൻസസ് പ്രകാരം ബിഹാറിൽ പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ 15.52 ശതമാനം പേർ മാത്രമാണുള്ളത്. ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. ‘ഇന്ത്യ’ മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിടുന്നത്.

രാജ്യത്ത് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവർത്തിച്ച് പ്രഖ്യാപിച്ചിക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ജാതി സെൻസസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെയുടെ കത്തിലുണ്ട്.

Top