മന്ദ്‌സൗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റുകള്‍ ഒരു വിവാഹത്തിന് വഴി വെച്ചത് വാര്‍ത്തയാകുന്നു. സ്ഥിരമായി പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഒരു പോലെ ലൈക്ക് ചെയ്തതിലൂടെ പരിചിതരായ ശ്രീലങ്കക്കാരി ഹന്‍സിനി എതീരിസിംഗേയും മധ്യപ്രദേശുകാരന്‍ ഗോവിന്ദ് മഹേശ്വരിയുമാണ് അവസാനം ജീവിത്തതില്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 10ന് ഇരുവരും വിവാഹിതരായി.
മോദിയുടെ ട്വീറ്റുകള്‍ സ്ഥിരമായി ഗോവിന്ദ് ലൈക്ക് ചെയ്തിരുന്നു. 2015 ല്‍ ഹന്‍സിനിയും അതേ ട്വീറ്റുകള്‍ക്ക് ലൈക്ക് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട ഗോവിന്ദ് ഒരു കൗതുകത്തിനായി ട്വിറ്ററില്‍ ഹന്‍സിനിയെ ഫോളോ ചെയ്തു. അധികം വൈകാതെ ഇരുവരും ട്വിറ്ററില്‍ സുഹൃത്തുക്കളായി. ടെക്സ്റ്റുകളും വീഡിയോ കോളുമായി ഇരുവരും രണ്ട് കൊല്ലത്തോളം പ്രണയിച്ചു. അവസാനം 2017ല്‍ ഇവര്‍ ആദ്യമായി കണ്ടു.
ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി മാതാപിതാക്കളുടെ അനുവാദം വാങ്ങി ഹന്‍സിനി ഇന്ത്യയില്‍ ഫിസിയോതൊപ്പി കോഴ്‌സിന് ചേര്‍ന്നു. ഗോവിന്ദ് എന്‍ജിനീയറിങ് ബിരുദപഠനവും പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍, ഗോവിന്ദിനെ കുറിച്ച് അറിഞ്ഞ ഹന്‍സിനിയുടെ പിതാവ് ഗോവിന്ദിനെ ശ്രീലങ്കയിലേക്ക് വിളിപ്പിക്കുകയും കുറച്ചു ദിവസം ശ്രീലങ്കയില്‍ താമസിപ്പിക്കുകയും ചെയ്തു. ഗോവിന്ദിന്റെ സ്വഭാവവും പെരുമാറ്റവും ഇഷ്ടമായതിനെ തുടര്‍ന്നാണ് അവരുടെ വിവാഹത്തിന് അനുമതി നല്‍കിയതെന്നാണ് പിതാവ് വ്യക്തമാക്കിയത്. ബുദ്ധമതവിശ്വാസികളാണ് ഹന്‍സിനിയുടെ വീട്ടുകാര്‍.