ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്ര മോദി ഇന്ന് എത്തും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ബുലന്ദ്ഷഹറില്‍ മഹാറാലിയെ മോദി അഭിസംബോധന ചെയ്യും. അയോധ്യയിലേക്ക് തീര്‍ത്ഥാടകരെ എത്തിക്കുന്ന ബിജെപിയുടെ ചലോ അയോധ്യ ക്യാമ്പയിന് ഇന്ന് തുടക്കമാകും.

14 മണ്ഡലങ്ങളുള്ള പടിഞ്ഞാറന്‍ യുപി പിടിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ 14 ല്‍ എട്ട് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 20 മണ്ഡലങ്ങളുള്ള നാല് മേഖലകളായി തിരിച്ചാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി പ്രചാരണം. അയോധ്യ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടും. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും തീര്‍ഥാടകരെ അയോധ്യയിലെത്തിക്കും. രണ്ട് കോടി തീര്‍ഥാടകരെ അയോധ്യയില്‍ എത്തിക്കാനാണ് നീക്കം.

80 ലോക്‌സഭ മണ്ഡലങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റുകളിലേയും വിജയമാണ് ബിജെപിയുടെ ലക്ഷ്യം. താര പ്രചാരകനായി നരേന്ദ്ര മോദി തന്നെ എത്തുന്നതോടെ ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് രംഗം ഇന്ന് മുതല്‍ ചൂട് പിടിക്കും. ബുലന്ദ്ഷഹറില്‍ മഹാറാലിയില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കും.

Top