ദില്ലി: ആഗോള തലത്തില്‍ ഇന്ത്യക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യുഎസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കാലഘട്ടത്തില്‍ മറ്റ് രാജ്യങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന നിലയിലും കൂടുതല്‍ ആശ്രയിച്ചുമാണ് മുന്നോട്ട് പോകുന്നത്. അതിർത്തിയാൽ സമാധാനം പുലരാതെ ചൈനയുമായുള്ള നല്ല ബന്ധം സാധ്യമല്ലെന്ന് മോദി. ചർച്ചകളിലൂടെയാണ് തർക്കങ്ങൾ പരിഹരിക്കേണ്ടത്. യുദ്ധം ഒന്നിനും പരിഹാരമല്ല. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ചില രാജ്യങ്ങള്‍ തങ്ങള്‍ പക്ഷം പിടിക്കുന്നില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷമാണ് പിടിക്കുന്നത്. ഇന്ത്യ സമാധാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ലോകത്തിനുമറിയാം. സംഘര്‍ഷം ഒഴിവാക്കാനുള്ള കലര്‍പ്പില്ലാത്ത എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി വിശദമാക്കി.
14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന് മുന്‍പ് 2009ലെ പ്രസിഡന്റ് ബറാക് ഒബാമയാണ്, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്.
ജോ ബൈഡന്‍ നരേന്ദ്ര മോദിക്ക് നല്‍കിയ ക്ഷണം ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കായി മാറ്റി വച്ചിട്ടുള്ള ഒന്നാണ് സ്‌റ്റേറ്റ് വിസിറ്റ്. ഇത് പ്രസിഡന്റിന്റെ ക്ഷണപ്രകാരം മാത്രമാണ് സംഭവിക്കുന്നതും. ഇന്ത്യക്ക് അനുവദിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് സന്ദര്‍ശനം ആഗോളതലത്തില്‍ രാജ്യത്തിന്റെ ഔന്നത്യത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് ഈ സന്ദര്‍ശനം ഏറെ പ്രധാനപ്പെട്ടതായാണ് നിരീക്ഷിക്കുന്നത്.