അഞ്ചു വർഷത്തെ ഭരണം, ഒരുപാട് ചോദ്യങ്ങൾ, മോദിയെ കുഴക്കി പ്രതിപക്ഷം

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന മോദി പ്രഭാവം യതാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ ഗതിതന്നെ മാറ്റിയ ഒന്നായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ മാറ്റങ്ങളാകും ഇനി ഇത്തവണ ഉണ്ടാവുക. മത്സരച്ചൂട് കനക്കുമ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലം ഇഴകീറി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് സ്വാഭാവികം.

സാമ്പത്തിക പരിഷ്‌ക്കരണങ്ങളും കോര്‍പ്പറേറ്റ് പ്രണയവുമെല്ലാം രാജ്യത്തെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചു എന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് പ്രത്യേക ധനസഹായവും ഇന്‍ഷുറന്‍സ് പദ്ധതികളും കൂടെ സൈനിക നേട്ടങ്ങളും ചൂണ്ടിക്കാട്ടി സംഘപരിവാര്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ പല സ്ഥാപനങ്ങളും അതിന്റെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നതും വലിയ പ്രതിഷേധങ്ങള്‍ നേരിട്ടതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ്.

2017ല്‍ ലോക മാധ്യമ സ്വാതന്ത്രസൂചികയില്‍ വലിയ തിരിച്ചടി നേരിട്ട രാജ്യമാണ് ഇന്ത്യ. 2018 ജനുവരിയിലാണ് സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ രാജ്യത്തെ നിയമസംവിധാനം തന്നെ അപകടത്തിലാണ് എന്ന് വിളിച്ചു പറഞ്ഞത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് സഹികെട്ട് ഉര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അതിരുകടന്ന ഇടപെടലുകള്‍ മൂലമായിരുന്നു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാനോ അതിന്റെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കാനോ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് വിവിധ പ്രതിഷേധങ്ങളിലൂടെ പുറത്തു വന്നിരുന്നത്. പല സ്ഥാപനങ്ങളും സര്‍ക്കാരിനോട് കലഹിക്കുന്ന അവസ്ഥ ഒരു ജനാധിപത്യ രാജ്യത്തിനും ഭൂഷണമല്ല.

2014 പകുതിയില്‍, മോദി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ എന്‍.ആര്‍.ഇ.ജിഎ വിഷയത്തില്‍ കൊണ്ടു വന്ന ഭേദഗതി നിരവധി ഗ്രാമീണ തൊഴില്‍ മേഖലകളെയാണ് ബാധിച്ചത്. ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ 28 സാമ്പത്തിക വിദഗ്ധര്‍ ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തു നല്‍കേണ്ട സാഹചര്യവും ഉണ്ടായി.

2014 ജൂലൈയില്‍ വെറും ഒരേ ഒരു എന്‍ജിഒയും രണ്ട് വിദഗ്ധരെയും ഉള്‍പ്പെടുത്തി മോദി സര്‍ക്കാര്‍ ദേശീയ വന്യജീവി ബോര്‍ഡ് രൂപീകരിച്ചു. 1972 ലെ നിയമം അനുസരിച്ച് അഞ്ച് എന്‍ജിഒകളും 10 വിദഗ്ധരും അടങ്ങുന്നതായിരിക്കണം സമിതി എന്ന ചട്ടം നിലനില്‍ക്കെയായിരുന്നു ഈ തീരുമാനം. 50 ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. സുപ്രീംകോടതിയും സര്‍ക്കാര്‍ നിയമനത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.

സ്ഥലമേറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതിയിരുന്നു മറ്റൊരു വിവാദ തീരുമാനം. പരിസ്ഥിതി ആഘാത പഠനങ്ങളില്‍ ഇളവ് അനുവദിച്ചതായിരുന്നു ഇതിലെ പ്രശ്‌നം. എന്‍ഡിഎയിലെ ഘടകകക്ഷികളായ ശിവസേന, അകാലിദള്‍ തുടങ്ങിയവരും ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടിത്തിയത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് തീരുമാനത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറി.

ഗോവധ നിരോധനം സംബന്ധിച്ച തീരുമാനം ചെറിയ തോതിലല്ല രാജ്യത്തെ പിടിച്ചു കുലുക്കിയത്. 2017 മെയ് മാസത്തിലായിരുന്നു സംഭവം. എന്നാല്‍ ബംഗാള്‍, കേരളം, മേഘാലയ പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് പരസ്യമായി ബീഫ് ഫെസ്റ്റ് അടക്കമുള്ള അതിശക്തമായ പ്രതിഷേധങ്ങള്‍ നടന്നത്. കന്നുകാലി കച്ചവടം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയേക്കാള്‍ ഭക്ഷണ സ്വാതന്ത്രം, ഫാസിസം പോലുള്ള ആശയപരമായ വിഷയങ്ങളാണ് കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കാനാണ് 2018ന്റെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത.് ഇത് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലുള്ളവരെ അധിഷേപിക്കുന്നതും പൗരന്മാര്‍ രണ്ട് തട്ടിലാകാനുള്ള സാധ്യത ഉണ്ടാക്കുന്നതുമാണെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് പിന്നീട് റദ്ദാക്കേണ്ടിയും വന്നു. ആധുനിക കാലത്തെ ജാതിവ്യവസ്ഥയാണിതെന്നായിരുന്നു പ്രതിപക്ഷം തുറന്നടിച്ചിരുന്നത്.

സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മറ്റൊന്ന്. സ്വകാര്യതാ ലംഘനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടു വന്ന ഈ തീരുമാനവും വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.

വ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരണം എന്നതായിരുന്നു എന്‍ഡിഎ ഭരണകാലയളവില്‍ കൊണ്ടു വന്ന മറ്റൊരു തുഗ്ലക് തീരുമാനം. എന്നാല്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ തീരുമാനം പിന്‍വലിക്കേണ്ടി വന്നു.

2018 ജൂലൈയില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കള്‍ നീറ്റ് പരീക്ഷ, വര്‍ഷത്തില്‍ രണ്ട് തവണ ഓണ്‍ലൈന്‍ ആയി നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. എന്നാല്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ അതിശക്തമായി രംഗത്തു വന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് ഈ തിരുമാനം ഉപേക്ഷിക്കേണ്ടി വന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുമേഖലയിലെ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയെ എല്ലാം വലിയ തോതില്‍ ബാധിക്കുന്ന കുറേ അധികം ആശയങ്ങളും തീരുമാനങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ നിരവധി തവണ മുന്നോട്ട് വച്ചിരുന്നു. ആധാര്‍, വിവരാവകാശ നിയമത്തിലെ ഭേദഗതി, തുടങ്ങിയവയെല്ലാം അതീവ ഗൗരവകരമായ ജാഗ്രതക്കുറവായിരുന്നു എന്ന് പറയാതെ വയ്യ.

ജിഎസ്ടിയും നോട്ട് നിരോധനവും പോലെ വലിയ പ്രതിഷേധങ്ങള്‍ നേരിട്ട തീരുമാനങ്ങളോടൊപ്പം ചേര്‍ത്തു വായിക്കേണ്ടവയാണ് ഇത്തരം വിഷയങ്ങളെല്ലാം . ഇതിനെല്ലാം പിന്നില്‍ അതീവ ഗുരുതരമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എന്നതും നാം കാണാതെ പോകരുത്.

Top