Narendra Modi’s speech in kerala

തൃശ്ശൂര്‍: കേരളത്തില്‍ ബിജെപി നേതൃത്വത്തില്‍ രൂപം കൊള്ളുന്ന മൂന്നാം ബദല്‍ ശിവഭഗവാന്റെ തൃക്കണ്ണ് തുറക്കുന്ന ശക്തിയാണെന്നും അത് അഴിമതിക്കെതിരായ ശക്തിയായി ഉദയം ചെയ്ത് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഈ മൂന്നാം ശക്തിയോടെ മാത്രമേ കേരളത്തില്‍ വികസനം സാധ്യമാവുകയുള്ളു. മുന്നണികള്‍ മാറിമാറി ഭരിക്കുന്ന പ്രതിഭാസം അവസാനിപ്പിക്കാന്‍ മൂന്നാം ബദലിനെ ജനങ്ങള്‍ അനുഗ്രഹിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

തൊട്ടു കൂടായ്മയ്‌ക്കെതിരെ നവോത്ഥാന നായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളം. കേരളത്തിലെ സാമൂഹിക നവോത്ഥാന നായകര്‍ അനാചാരങ്ങള്‍ക്കെതിരായ പ്രവര്‍ത്തനം നടത്തി. ശ്രീനാരായണ ഗുരുവിനെ പോലുള്ളവര്‍ ജീവിതകാലം അതിനായി മാറ്റി വച്ചു. തൊട്ടു കൂടായ്മ കേരളത്തില്‍ ഇല്ലാതായി. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് തൊട്ടു കൂടായ്മ നിലനില്‍ക്കുന്നു. ഇവിടെ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്നും മോഡി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോഡി പ്രസംഗം തുടങ്ങിയത്. ഇനി അങ്ങനെയുണ്ടാകില്ലെന്നും മോഡി സദസ്സിനോടായി പറഞ്ഞു.

കേരളത്തില്‍ വന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യങ്ങള്‍ മാറുന്നു. അതില്‍ അതിയായ സന്തോഷമുണ്ടെന്നും നരേന്ദ്ര മോഡി പറഞ്ഞു.

കേരളത്തില്‍ വരാന്‍ വൈകിയതില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. പലകാരണങ്ങളാല്‍ വരാന്‍ വൈകിയതില്‍ മാപ്പ്. ശബരിമലയില്‍ ദര്‍ശനം നടത്തി ആദ്യ സന്ദര്‍ശനം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് അസൗകര്യമുണ്ടക്കുന്നതിനാലാണ് അത് മാറ്റിയതെന്നും മോഡി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ മോഡി അഭിനന്ദനം രേഖപ്പെടുത്തി.

ഈ രാജ്യത്തിന്റ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍, സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരു സംസ്ഥാനത്തും നേരിടേണ്ടി വന്നിട്ടില്ലാത്ത രീതീയിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ കടന്നു പോകുന്നത്. കേരളത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വന്നതെന്നും മോഡി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് കേരളത്തില്‍. കേരളത്തിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. അരനൂറ്റാണ്ടിനിടെ 200 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാതൃരാജ്യത്തിന് വേണ്ടി, സേവനത്തിന് വേണ്ടി ഇറങ്ങി എന്ന ഒറ്റക്കാരണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

കേരളത്തില്‍ ബിജെപി എത്ര വോട്ടിനു തോറ്റു എന്നതായിരുന്നു ഇതുവരെ ചര്‍ച്ച. എന്നാല്‍ ജനങ്ങള്‍ മാറി ചിന്തിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപി പ്രവര്‍ത്തകരെ ജനം അനുഗ്രഹിച്ചു. കേരളത്തിലെ ജനത ബിജെപിയെ അംഗീകരിച്ച് തുടങ്ങി. ബിജെപി കേരളത്തില്‍ മികവോടെ ജയിക്കാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇവിടെ അധികാരമെന്ന സ്വപ്നം അകലെയാണ്. വിജയമെന്ന സ്വപ്നം അകലെയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം നെഞ്ചേറ്റിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും മാതൃകാപരമാണെന്നും മോഡി വ്യക്തമാക്കി.

ഇപ്പോള്‍ പശ്ചിമേഷ്യയില്‍ ഭീകരവാദം അതിന്റെ കെടുതികള്‍ വിതച്ചുകൊണ്ടിരിക്കുകയാണ്. എഴുപതു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഈ രാജ്യങ്ങളിലുള്ളത്. അതിലേറെയും അതിലേറെയും മലയാളികളാണു താനും. ഭീകരാക്രമണങ്ങളുടെയും മറ്റും വാര്‍ത്തകള്‍ വരുമ്പോള്‍ ഇവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബദ്ധശ്രദ്ധരാണ് ഇപ്പോഴത്തെ സര്‍ക്കാരെന്നും മോഡി പറഞ്ഞു.

വൈകിട്ട് നാലുമണിയോടെയാണ് പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ കേരളസന്ദര്‍ശനത്തിനായി നരേന്ദ്ര മോഡി എത്തിയത്. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ വില്ലിങ്ഡന്‍ ദ്വീപിലെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Top