ചെന്നൈ: പ്രധാനമന്ത്രിക്ക് ക്ഷേത്രം പണിത് തമിഴ്‌നാട്ടിലെ കര്‍ഷകന്‍. തിരുച്ചിറപ്പള്ളി തുറയൂരിനടുത്തുള്ള എറക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന പി. ശങ്കര്‍(50) ആണ് തന്റെ ആരാധനാപുരുഷനായ മോദിക്കായി സ്വന്തം ചെലവില്‍ ക്ഷേത്രം പണിതത്.
രാജ്യത്തെ വികസനോന്മുഖമാക്കാന്‍ അവതരിച്ച ദൈവമാണ് മോദിയെന്നാണ് ബി.ജെ.പി. കര്‍ഷകസംഘടനാ പ്രവര്‍ത്തകനായ ശങ്കറിന്റെ വിശ്വാസം.
”നരേന്ദ്ര മോദി ധാരാളം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കര്‍ഷകനായ എനിക്ക് 2000 രൂപ ലഭിച്ചു. ഗ്യാസ് കണക്ഷനും പുതിയ ശൗചാലയവും കിട്ടി” -ശങ്കര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രധാനപ്രശ്‌നം വെള്ളമില്ലാത്തതാണ്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പ്രധാനമന്ത്രി അതിനും തീര്‍പ്പുകാണുമെന്നും ശങ്കര്‍ വിശ്വസിക്കുന്നു.
1.2 ലക്ഷം രൂപ ചെലവില്‍ മോദിയുടെ, കല്ലില്‍ കൊത്തിയ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ക്ഷേത്രത്തിനുള്ളില്‍ ഗാന്ധിജിയുടെയും അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുടെയും ചിത്രങ്ങളും പതിച്ചിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞയാഴ്ചയാണ്. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജ ആരംഭിച്ചു. മാത്രമല്ല ക്ഷേത്രത്തിന്റെ പൂജാരിയും ശങ്കര്‍ തന്നെയാണ്.
ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരാണെത്തുന്നത്. ശങ്കറിന്റെ കൃഷി വിളവെടുപ്പില്‍ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായരീതിയില്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടത്താനാണ് ആലോചിക്കുന്നത്.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ആക്രമണങ്ങള്‍ ഭയന്ന് ക്ഷേത്രത്തിന് കാവലിരിക്കുകയാണ് ശങ്കര്‍.