ധാക്ക : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിൽ എത്തിയതോടെ ഉത്സവലഹരിയിലാണ് ബംഗ്ലാദേശിലെ ഈശ്വരിപൂർ ജെഷോരേശ്വരി ക്ഷേത്രവും, ഒറാകണ്ടിയിലെ താക്കൂർ ബാരിയും.
ഹിന്ദുമതത്തിലെ ശക്തിപീഠങ്ങളിലൊന്നായി കണക്കാക്കുന്ന ക്ഷേത്രമാണ് ജെഷോരേശ്വരി ക്ഷേത്രം .ഹിന്ദു മതത്തിൽ 51 ശക്തി പീഠങ്ങളുണ്ട്. ഇതിൽ കൂടുതലും ഭാരതത്തിലാണെങ്കിലും ബംഗ്ലാദേശിലും ചില ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട് . അവയിലൊന്നാണ് ജെഷോരേശ്വരി ക്ഷേത്രം.മനുഷ്യ കൈപ്പത്തിയുടെ രൂപത്തിൽ കൊത്തിയെടുത്ത വിഗ്രഹത്തെയാണ് ഇവിടെ ആരാധിക്കുന്നത് .
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബംഗാൾ മേഖലയിലെ സേന രാജവംശത്തിലെ ഭരണാധികാരിയായ ലക്ഷ്മൺ സെന്നിന്റെ കാലഘട്ടത്തിൽ 450 വർഷങ്ങൾക്കുമുമ്പ് 1560 നും 1580 നും ഇടയിലാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്ന് ജെഷോരേശ്വരി കാളി ക്ഷേത്ര പുരോഹിതൻ ദിലീപ് മുഖർജി പറഞ്ഞു. നിർമാണം കഴിഞ്ഞ് വളരെക്കാലം ക്ഷേത്രം അടച്ചിട്ട നിലയിലായിരുന്നു .
ഇന്ത്യൻ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഉത്സവ ലഹരിയിലാണ് സത്‌ഖിരയിലെ ശ്യാംനഗർ ഉപജില്ല .മോദിയെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് . . ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം മോടിപിടിപ്പിച്ചു . മോദി എത്തുന്നതിനു മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പിക്കാൻ ബംഗ്ലാദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും നിയമപാലകരും ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികളും ഈശ്വരിപൂർ സന്ദർശിച്ചു.
സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്എസ്എഫ്) മേൽനോട്ടത്തിലാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതെന്ന് സത്ഖിറ പോലീസ് മുഹമ്മദ് മൊസ്താഫിസുർ റഹ്മാൻ പറഞ്ഞു. നാല് ഹെലിപാഡുകളും 500 മീറ്റർ റോഡും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.
ത്രിതല സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് .മാർച്ച് ഒന്നുമുതൽ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. പൊതുജനങ്ങളുടെ സന്ദർശനം നിയന്ത്രിക്കുന്നതിനായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സത്ഖിറ ഡെപ്യൂട്ടി കമ്മീഷണർ എസ് എം മോസ്തഫ കമാൽ പറഞ്ഞു.
പ്രദേശത്തെ ഹിന്ദു സമുദായ അംഗങ്ങൾ ഏറെ ആഹ്ലാദത്തോടെയാണ് മോദിയുടെ സന്ദർശനത്തെ കാത്തിരിക്കുന്നതെന്ന് സത്‌ഖിര ജില്ലാ മാതുവ കമ്മ്യൂണിറ്റി പ്രസിഡന്റ് കൃഷ്ണന്ദു മുഖർജി പറഞ്ഞു.മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഹിന്ദുക്കളാണ് മാതുവാസ്.
ഗോപാൽഗഞ്ചിലെ “മാതുവ” സമുദായത്തിന്റെ പുണ്യ ആരാധനാലയമായ ഒറകണ്ടി താക്കൂർ ബാരിയും മോദി സന്ദർശിക്കും . മാതുവ സമുദായ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.