നരേന്ദ്ര മോദിയുടെ കൊവിഡിനു ശേഷമുള്ള ആദ്യ വിദേശയാത്ര ബംഗ്ലാദേശിലേക്ക്

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ബംഗ്ലാദേശ് സന്ദർശനത്തിനാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശിലെത്തുന്ന പ്രധാനമന്ത്രി ഇന്നും നാളെയുമായി വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.

15 മാസങ്ങൾക്ക് ശേഷമാണ് മോദി വിദേശ സന്ദർശനം നടത്തുന്നത്. ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍  നരേന്ദ്ര മോദി  മുഖ്യാതിഥിയാകും. ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദി അയൽരാജ്യം സന്ദർശിക്കുന്നത്. ഇരു രാജ്യവും തമ്മിൽ വിവിധ കരാറിൽ ഏർപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

കൊവിഡിനു ശേഷം ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തിൽ സൗഹൃദമുള്ള അയൽരാജ്യത്തേക്ക് ആണെന്നത് സന്തോഷം നൽകുന്നതാണെന്ന് മോദി പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിന്‍റെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പിന്തുണ നൽകാനും സന്ദർശനം ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലാണ് പറഞ്ഞത്. ബംഗ്ലാദേശിന്‍റെ വികസനത്തില്‍ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്ന് യാത്രക്ക് മുന്‍പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദര്‍ശിച്ചേക്കും. മത് വ വിഭാഗത്തിന്‍റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നത് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്രൃ ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകളറിയിച്ചിട്ടുണ്ട്.

Top