ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു.
ചൈനയിലെ സിയാമെനില്‍ നടക്കുന്ന ഒന്‍പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇത്തവണ മോദിയുടെ വിദേശയാത്ര.
സെപ്റ്റംബര്‍ മൂന്നു മുതല്‍ അഞ്ചുവരെയാണ് ബ്രിക്‌സ് ഉച്ചകോടിയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മോദി അടുത്ത ഞായറാഴ്ച ചൈനയിലേക്കു തിരിക്കും.
ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വിരാമമിട്ടു ഡോക ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തു എന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.
ചൈനയില്‍ നിന്ന് മ്യാന്‍മര്‍ പ്രസിഡന്റ് യു തിന്‍ ക്യാവിനെ സന്ദര്‍ശിക്കാന്‍ മോദി യാത്ര തിരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.