തിരുവനന്തപുരം: യാത്രയ്ക്കിടെ ഫാസ്റ്റ് പാസഞ്ചര്‍ ബസിന് തീപിടിച്ചത് നഗരത്തില്‍ പരിഭ്രാന്തിപരത്തി.
കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി.
ഇന്ന് രാവിലെ 8.45 ന് പാളയം എല്‍.എം.എസ് ജംഗ്ഷനിലെ സിഗ്‌നലിലായിരുന്നു സംഭവം.
ആര്യങ്കാവ് ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിനാണ് തീപിടിച്ചത്.
എല്‍.എം.എസ്. ജംഗ്ഷനിലെ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബസിന്റെ ക്യാബിനില്‍ പുക നിറഞ്ഞു.
നിമിഷങ്ങള്‍ക്കകം എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയര്‍ന്നു. അപകടം മണത്ത ഡ്രൈവര്‍ സുരേഷ് ബാബു എന്‍ജിന്‍ ഓഫ് ചെയ്തു.
ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുന്നതിനിടെ കണ്ടക്ടര്‍ സതീശന്‍ പിള്ളയുമായി ചേര്‍ന്ന് ബസിലുണ്ടായിരുന്ന അമ്പത്തഞ്ചോളം യാത്രക്കാരെ ഉടന്‍ പുറത്തിറക്കി.
യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ട്രാഫിക് പൊലീസും കണ്‍ട്രോള്‍ റൂം പൊലീസും ചേര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചുവിട്ടു.
ചെങ്കല്‍ ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തീ കെടുത്തിയതിനാല്‍ തീ വ്യാപിക്കുന്നത് തടയാനായി.
വിവരമറിഞ്ഞ് വികാസ് ഭവന്‍ഡിപ്പോയില്‍ നിന്ന് എ.ടി.ഒയുള്‍ മെക്കാനിക്ക് വിഭാഗം ജീവനക്കാരെത്തി ബസ് പരിശോധിച്ചശേഷം റിക്കവറി വെഹിക്കളുപയോഗിച്ച് കെട്ടിവലിച്ച് അവിടേക്ക് മാറ്റി.