ന്യൂഡല്‍ഹി : ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 17 കാരനായ ജൂനിയര്‍ ഗുസ്തി താരമാണ് ഇയാളെന്നാണു സൂചന.
രാജ്യാന്തര ഗുസ്തി താരത്തിന്റെ സഹോദരനും ജൂനിയര്‍ 65 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്.
സോനിപ്പത്തിലെ സായ് സെന്ററിലെ കന്റീനില്‍ നര്‍സിങ്ങിനായി തയാറാക്കിയ ഭക്ഷണത്തില്‍ പുറത്തുനിന്നുള്ളയാള്‍ എന്തോ വസ്തു ചേര്‍ക്കുന്നതു കണ്ടെന്നു വെളിപ്പെടുത്തിയ പാചകക്കാരനും ജൂനിയര്‍ താരവും ഇയാളെ തിരിച്ചറിഞ്ഞതായും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ്ങിനെതിരെ ഗൂഢാലോചന നടന്നുവെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
യാദവിന്റെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുക്കുന്നതിനായി നാഡ അച്ചടക്ക സമിതി ഇന്നു യോഗം ചേരാനിരിക്കേയാണു താരത്തിന് അനുകൂലമായി തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.
അതേസമയം, സോനിപ്പത്ത് സായ് സെന്ററിലെ ജീവനക്കാരെയും ജൂനിയര്‍ താരങ്ങളെയും ഇന്നു സാക്ഷികളായി അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാക്കാനാണു നര്‍സിങ് യാദവും സംഘവും ശ്രമിക്കുന്നത്.
രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട ഒരു ചട്ടത്തിലാണു നര്‍സിങ് യാദവിന്റെ പ്രതീക്ഷ. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചുരുങ്ങിയതു നാലു വര്‍ഷം വിലക്കാണു നിയമം.
എന്നാല്‍, ഒരാളെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ അയാള്‍ അറിയാതെ എതിരാളികളോ മറ്റോ നിരോധിത മരുന്ന് നല്‍കുകയായിരുന്നുവെന്നു തെളിഞ്ഞാല്‍ വിലക്കില്‍നിന്നൊഴിവാക്കാമെന്നു വാഡയുടെ ചട്ടം 10.4ല്‍ പറയുന്നുണ്ട്.