ടൈറ്റനിലേക്കു പറക്കുന്ന യന്ത്രത്തുമ്പി; നാസയുടെ ‘ഡ്രാഗൺഫ്ലൈ’ ദൗത്യം

മ്മുടെ ചന്ദ്രനിലേക്കുള്ള ദൗത്യമാണ് ചന്ദ്രയാൻ 3. ഇനി ശനിഗ്രഹത്തിന്റെ ചന്ദ്രനിലേക്കുള്ള ഒരു സവിശേഷ ദൗത്യത്തെ പരിചയപ്പെടാം. 2026ൽ വിക്ഷേപിക്കുന്ന ഈ സവിശേഷ ഡ്രോൺ ദൗത്യം 2026ൽ ഭൂമിയിൽ നിന്നു വിക്ഷേപിക്കപ്പെട്ട് 2034 ൽ ലക്ഷ്യസ്ഥാനത്തെത്തും.ശനിയുടെ ഉപഗ്രഹവും ബഹിരാകാശ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന മേഖലയുമായ ടൈറ്റനിലേക്കാണ് ഡ്രാഗൺഫ്ലൈ യാത്ര തിരിക്കുന്നത്. ശനിഗ്രഹം വാതകനിർമിതവും ജീവന് ഒരു സാധ്യതയുമില്ലാത്തതുമാണ്. എന്നാൽ ടൈറ്റൻ അങ്ങനെയല്ല. ഒട്ടേറെ ദുരൂഹതകളും രഹസ്യങ്ങളും ഒളിയിരിക്കുന്ന ഇടമായാണ് ഈ ഉപഗ്രഹം പരിഗണിക്കപ്പെടുന്നത്.

എട്ടുറോട്ടറുകളുള്ള ഡ്രാഗൺഫ്ലൈ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു തുമ്പിയെപ്പോലെ ഒരിടത്തു നിന്നു പറന്നു വേറൊരിടത്തേക്കു ചെന്നു നിന്ന്, വീണ്ടും പറന്ന് പര്യവേക്ഷണം നടത്തുന്ന ഡ്രോണാണ്. ഡ്രാഗൺഫ്ലൈയുടെ പറക്കലിന് തവളച്ചാട്ടം എന്നാണ് നാസ തന്നെ പേരിട്ടിരിക്കുന്നത്. ടൈറ്റനിൽ ജീവനുണ്ടോ, അല്ലെങ്കിൽ ജീവനുമായി ബന്ധപ്പെട്ടുള്ള രാസസംയുക്തങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഡ്രാഗൺ ഫ്ലൈ ദൗത്യത്തിന്റെ പ്രധാന നിയോഗം. ശനിയെയും ഗ്രഹത്തിന്റെ ഉപഗ്രഹസംവിധാനങ്ങളെയും ദീർഘകാലം നിരീക്ഷിച്ച ഐതിഹാസിക ദൗത്യമായ കസീനിയും, ടൈറ്റനിൽ ഇറങ്ങിയ റോവർ ദൗത്യമായ ഹൈജൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡ്രാഗൺഫ്ലൈ നാസ രൂപകൽപന ചെയ്തത്.

എന്നാൽ ചൊവ്വയിൽ ഇൻജെന്യൂയിറ്റി നേരിട്ടതിൽ നിന്നു തീർത്തും വിഭിന്നമായ സാഹചര്യങ്ങളാണു ടൈറ്റനിൽ ഡ്രാഗൺഫ്ലൈയെ കാത്തിരിക്കുന്നത്.ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ നാലുമടങ്ങ് സാന്ദ്രത കൂടിയ അന്തരീക്ഷമാണു ടൈറ്റനിൽ, ഭൂഗുരുത്വബലം കുറവും. അന്തരീക്ഷം പ്രധാനമായും നൈട്രജൻ നിറഞ്ഞത്. മീഥെയ്ൻ നിറഞ്ഞ മേഘങ്ങൾ ഇടയ്ക്കിടെ മഴയായി പെയ്യും.

സൂര്യനിൽ നിന്ന് 140 കോടി കിലോമീറ്റർ അകലെയാണു ടൈറ്റൻ. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 10 ഇരട്ടി. അതിനാൽ തന്നെ –179 ഡിഗ്രിയാണ് മേഖലയിലെ താപനില.പറക്കലിന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളാണ് ഇവിടെ നിലകൊള്ളുന്നത്.ഭൂമിയുടെ ആദിമകാല അവസ്ഥകളുമായി ടൈറ്റന്റെ സാഹചര്യങ്ങൾക്ക് സാമ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ ടൈറ്റനെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജീവന്റെ ഉത്ഭവം ഉൾപ്പെടെയുള്ള വളരെ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് അറിവു നൽകിയേക്കാം.

ഷാംഗ്രില എന്നു പേരിട്ടിരിക്കുന്ന ടൈറ്റനിലെ മേഖലയിലാണു ഡ്രാഗൺഫ്ലൈ ആദ്യം പറന്നിറങ്ങുക. തുടർന്ന് പലയിടങ്ങളിലായി പറന്ന് സാംപിളുകൾ ശേഖരിച്ച് വിവരങ്ങൾ വിലയിരുത്തും.ഓരോ പറക്കലും എട്ടുമീറ്ററോളം നീണ്ടു നിൽക്കുന്നതാണ്. 459 കിലോ ഭാരമുള്ള ഈ ഡ്രോൺ മണിക്കൂറിൽ 36 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും 4 കിലോമീറ്റർ വരെ പൊക്കത്തിൽ പോകാനും ശേഷിയുള്ളതാണ്. സാംപിളുകളെടുക്കാനും അവ വിലയിരുത്താനുമായി 4 ഉപകരണങ്ങളും ദൗത്യം വഹിക്കുന്നുണ്ട്.ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് ദൗത്യത്തിന് ഊർജം ലഭിക്കുന്നത്. ബാറ്ററിയെ ചാർജ് ചെയ്യാനായി ഒരു തെർമോ ഇലക്ട്രിക് ജനറേറ്ററുമുണ്ട്.

വിവിധ മേഖലകളിൽ പറന്ന ശേഷം ടൈറ്റനിലെ പ്രശസ്തമായ സെൽക് ഗർത്തത്തിലെത്തി ദൗത്യം സാംപിളുകൾ എടുക്കും. ആദിമകാലത്തെപ്പോഴോ ജലത്തിന്റെയും മറ്റു ജൈവ സംയുക്തങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നെന്നു കരുതപ്പെടുന്ന മേഖലയാണ് സെൽക് ഗർത്തം. ഇവിടെ നിന്നുള്ള അമൂല്യമായ വിവരങ്ങളാകും ഇതു വഴി ലഭിക്കുക. 175 കിലോമീറ്ററോളം ടൈറ്റനിൽ ഡ്രാഗൺഫ്ലൈ സഞ്ചരിക്കുമെന്നാണു കണക്ക്.

ചൊവ്വയിൽ പര്യവേക്ഷണം ന‍ടത്തിയ റോവറുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ച ദൂരത്തിന്റെ ഇരട്ടി വരും ഡ്രാഗൺഫ്ലൈ താണ്ടുന്ന ദൂരം. സദാ സഞ്ചാരത്തിനപ്പുറം പറക്കലിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നുള്ളതിന്റെ നേർസാക്ഷ്യമാണ് ഈ കണക്ക്. പരമ്പരാഗത മേഖലകൾക്കപ്പുറം ഗഹനമായ പര്യവേക്ഷണം നടത്താനുള്ള നാസയുടെ ന്യൂ ഫ്രോണ്ടിയേഴ്സ് പദ്ധതിയുടെ ഭാഗമാണു ഡ്രാഗൺഫ്ലൈ. പ്ലൂട്ടോയിലേക്കുള്ള ന്യൂ ഹൊറൈസൺസ്, വ്യാഴത്തിലേക്കുള്ള ജൂനോ, ബെന്നു എന്നുള്ള ഛിന്നഗ്രഹത്തിലേക്കുള്ള ഓസിരിസ് റെക്സ് എന്നിവയൊക്കെയാണ് ഇതിലെ മറ്റു പദ്ധതികൾ.നാസയുടെ പ്ലാനറ്ററി മിഷൻസ് പ്രോഗ്രാമിനാണ് ഇതിന്റെയെല്ലാം ചുമതല.ഏതായാലും ഡ്രാഗൺഫ്ലൈ ദൗത്യം ബഹിരാകാശമേഖലയിലെ മറ്റൊരു വഴിത്തിരിവാകുമെന്നാണു ബഹിരാകാശ വിദഗ്ധരുടെ വിലയിരുത്തൽ.

Top