വാഷിങ്ടണ്‍: സമുദ്രനിരപ്പിന്റെ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കാനുള്ള പുതിയ ഉപഗ്രഹവുമായി നാസ. സെന്റിനല്‍-6 എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹം മൂന്ന് ദശാബ്ദങ്ങളിലായി നാസയ്ക്ക് വേണ്ടി സമുദ്രനിരപ്പ് നിരീക്ഷിക്കുമെന്നാണ് അവകാശപ്പെടുന്നത്. ശനിയാഴ്ച യൂറോപ്പുമായി ചേര്‍ന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹ വിക്ഷേപണം. സമുദ്രനിരപ്പിനെ കൂടാതെ, കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന വിവരങ്ങളും കൂടെ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി അറിയാന്‍ കഴിയുമെന്നാണ് നാസ പറയുന്നത്.
ഉപഗ്രഹങ്ങള്‍, കടലിലും വായുവിലും സ്ഥാപിച്ച ഉപകരണങ്ങള്‍, സൂപ്പര്‍ കംപ്യൂട്ടറുകള്‍ എന്നിവയുടെയെല്ലാം സഹായത്തോടെ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നാസ സമുദ്രനിരപ്പിന്റെ വ്യതിയാനങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി തന്നെ 2025ല്‍ സെന്റിനല്‍-6ബി എന്ന പേരിട്ട മറ്റൊരു ഉപഗ്രഹവും കൂടി നാസ വിക്ഷേപിക്കുന്നതായിരിക്കും.