ഭൂമിയിൽ നിന്ന് 90 പ്രകാശവർഷമകലെ ഭൂമിയോട് സാമ്യമുള്ള ഒരു പുറംഗ്രഹം അഥവാ എക്സോപ്ലാനറ്റിനെ കണ്ടെത്തി. സൗരയൂഥത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളെ പറയുന്ന പേരാണ് എക്സോപ്ലാനറ്റുകൾ. ഈ ഗ്രഹത്തിന്റെ ഉപരിതലം നിറയെ സജീവമായ അഗ്നിപർവതങ്ങളാണ്. ഇവയിൽ നിന്നുള്ള വികിരണങ്ങളും വാതക ബഹിർഗമനവും അന്തരീക്ഷം രൂപീകരിച്ചെന്നും പഠനം വ്യക്തമാക്കുന്നു.
എൽപി 791–18ഡി എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹം തെക്കൻ ദിശയിലെ താരാപഥമായ ക്രേറ്ററിൽ ഉൾപ്പെടുന്ന ഒരു ചുവന്നകുള്ളൻ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം ഈ ഗ്രഹവും നക്ഷത്രവും തമ്മിലുണ്ട്. നമ്മുടെ ഭൂമിയും ചന്ദ്രനും തമ്മിലും ഇതേ പ്രതിഭാസം നിലനിൽക്കുന്നു. ഇതുമൂലം ചന്ദ്രന്റെ ഒരു വശം മാത്രമാണ് ഭൂമിയിൽ നിന്നു ദൃശ്യമാകുക. ഇതുപോലെ തന്നെ ഈ ഗ്രഹത്തിന്റെ ഒരു വശം മാത്രമാണ് നക്ഷത്രത്തോട് അഭിമുഖമായുള്ളത്.
ഇതിനാൽ തന്നെ ഈ ഗ്രഹത്തിന്റെ ഒരു വശത്ത് മാത്രം എപ്പോഴും പകലായിരിക്കും. മറുഭാഗത്ത് എപ്പോഴും രാത്രിയും. എപ്പോഴും പകലുള്ള ഭാഗത്ത് കനത്ത ചൂടുകാരണം വെള്ളമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. എന്നാൽ എപ്പോഴും രാത്രിയുള്ള ഭാഗത്ത് ജലാംശം കണ്ടേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നാസയുടെ സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്, ട്രാൻസ്മിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്) എന്നീ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ ഗ്രഹമുൾപ്പെടുന്ന സംവിധാനത്തിൽ മറ്റു രണ്ടു ഗ്രഹങ്ങൾകൂടിയുണ്ട്. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്കു പദ്ധതിയുണ്ട്. സൗരയൂഥത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ള ഗ്രഹങ്ങളായ ശുക്രനുമായും മറ്റുമുള്ള സാമ്യങ്ങളും മറ്റും താരതമ്യം ചെയ്തു പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ ഉദ്ദേശ്യം.