രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വിരിഞ്ഞ ഒരു സീനിയ പുഷ്പത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ സംഘടന നാസ. ഭാവിയിൽ ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുൾപ്പെടെയുള്ള മനുഷ്യദൗത്യങ്ങൾ വരുമ്പോൾ, ഫ്രഷായ ഭക്ഷണം അവിടെത്തന്നെയുണ്ടാക്കുക എന്ന വിദൂരലക്ഷ്യം നാസയുൾപ്പെടെയുള്ള സ്‌പേസ് ഏജൻസികൾക്കുണ്ട്. ഇതിന്റെ ആദ്യപടികളായി ബഹിരാകാശത്തെ കൃഷിരീതികൾ 2015ൽ തന്നെ തുടങ്ങിയിരുന്നു. ബഹിരാകാശ കൃഷിയുടെ വിവിധ വശങ്ങൾ പഠിക്കുകയാണ് ലക്ഷ്യം.
2015ൽ നിലയത്തിലുണ്ടായിരുന്ന ബഹിരാകാശ യാത്രികനായ ജെൽ ലിംഗ്രൈനാണ് ബഹിരാകാശ കൃഷിക്കു തുടക്കമിട്ടത്. വെജി ഫെസിലിറ്റി എന്നാണ് നിലയത്തിനുള്ളിലെ ഈ കൃഷിസ്ഥലം അറിയപ്പെട്ടത്. ഈ ഫെസിലിറ്റിയുടെ ഭാഗമായി നിലയത്തിൽ വളർത്തിയതാണ് ഈ സീനിയച്ചെടി.2016ൽ ആണ് വെജി ഫെസിലിറ്റിയിൽ ആദ്യമായി ഒരു സീനിയച്ചെടി പുഷ്പിച്ചത്. അന്നക്കെ എക്‌സ്‌പെഡിഷൻ 46 ദൗത്യ കമാൻഡറായ സ്‌കോട് കെല്ലി ഇതിന്‌റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ചന്ദ്രനില്‍ പോലും ജീവന്‍ ഉണ്ടാകാമെന്ന് നാസ!…
1970 മുതൽ തന്നെ ബഹിരാകാശത്തെ ചെടികളെപ്പറ്റി നാസയും ശാസ്ത്രജ്ഞരും പഠനങ്ങൾ നടത്തുന്നുണ്ട്. ലെറ്റിയൂസ്, തക്കാളികൾ, ചിലയിനം ഉണ്ടമുളകുകൾ തുടങ്ങിയവ രാജ്യാന്തര ബഹിരാകാശനിലയത്തിൽ ശാസ്ത്രജ്ഞർ വളർത്തിയിട്ടുമുണ്ട്. അമേരിക്കൻ വൻകരകളിൽ ഉദ്ഭവിച്ച് ലോകമെങ്ങും ഇന്ന് വളർത്തപ്പെടുന്ന അലങ്കാരസസ്യമാണ് സീനിയ. 12 ഇതളുകളുള്ള പുഷ്പങ്ങളാണ് ഈ ചെടികളിൽ വിരിയുന്നത്. അമേരിക്കൻ വൻകരകളിൽ കൃഷി നശിപ്പിക്കാൻ വരുന്ന കീടങ്ങളെ നശിപ്പിക്കാൻ ഹമ്മിങ്‌ബേഡ് പക്ഷികളെ ആകർഷിക്കാനുള്ള മാർഗമായും സിനിയയെ കണ്ടിരുന്നു. അതിനാൽ തന്നെ ചില ഫാമുകളിൽ ഇടവിളയായി സീനിയ കൃഷി ചെയ്തിരുന്നു.