ഹള്‍ക്കും ഗോഡ്‌സില്ലയുമൊക്കെ ഇനിമുതല്‍ ബഹിരാകാശത്തും..!

വാഷിംഗ്ടണ്‍: നക്ഷത്ര സമൂഹങ്ങള്‍ക്ക് കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളുടെ പേരുകള്‍ നല്‍കി നാസ. പുതിയതായി കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്കാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ സാങ്കല്‍പിക കഥാപാത്രങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ സാങ്കല്‍പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്‌സില്ല പോലുള്ള പേരുകളാണ് നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഫെര്‍മി ഗാമാറേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ വേളയിലാണ് പേരിടല്‍.

‘ഡോക്ടര്‍ ഹു’ എന്ന സിനിമയിലെ ടൈംട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ ‘ടാര്‍ഡിസ്’, തീ തുപ്പുന്ന ഗോഡ്‌സില്ല എന്ന ജീവിയുടെ പേര്, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത ‘ഹള്‍ക്ക്’ എന്ന അതിമാനുഷ ചലച്ചിത്ര കഥാപാത്രത്തിന്റെ പേര്.. എല്ലാം പുതിയ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഫെര്‍മി ഗാമാറേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും അതിന് പ്രചാരം നല്‍കുകയുമാണ് രസകരമായ നാമകരണത്തിലൂടെ നാസ ലക്ഷ്യമിടുന്നത്.

ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്‌കോപ്പ് (എല്‍.എ.ടി) 2008 മുതല്‍ എല്ലാ ദിവസവും ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.

2015ല്‍ 3000 ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ് ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്‌കോപ് രേഖപ്പെടുത്തിയത്. ഫെര്‍മി പദ്ധതിയ്ക്ക് മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ പത്തിരട്ടിയാണിത്.

പുതിയ 21 ഗ്രാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയ പേരുകളില്‍ വാഷിംഗ്ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നും വീണ്ടെടുത്ത സ്വീഡിഷ് യുദ്ധകപ്പല്‍ വാസ, ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും നല്‍കിയിട്ടുണ്ട്. കൂടാതെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, റേഡിയോ ടെലിസ്‌കോപ്പ്, ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്നീ പേരുകളും ഇക്കൂട്ടത്തിലുണ്ട്.

Top