ലോകത്തിന്റെ കാവൽക്കാർ അവരാണ്, നാസ . .മാനവരാശിയുടെ സംരക്ഷകർ

ലോക പൊലീസായും ലോക രാഷ്ട്രങ്ങളില്‍ അതിക്രമിച്ച് കയറി മേധാവിത്വം സ്ഥാപിക്കുന്ന രാജ്യമായും വിലയിരുത്തപ്പെടുന്ന രാജ്യമാണ് അമേരിക്ക.

ലോകത്ത് സമീപകാലത്ത് നടന്ന യുദ്ധങ്ങളുടെ ബുദ്ധികേന്ദ്രവും അമേരിക്ക തന്നെയാണ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇടപെടുന്ന പതിവ് ഏര്‍പ്പാട് അമേരിക്കയും അതിന്റെ ചാര സംഘടനയും ഇപ്പോഴും നടത്തി വരുന്നു.

ഉത്തര കൊറിയയുമായി ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയ തര്‍ക്കം തലനാരിഴക്കാണ് ഒഴിഞ്ഞു പോയത്. ഏറ്റവും ഒടുവില്‍ ഇറാന് നേരെ ഉപരോധവും കൊണ്ടു വന്നു. ഇന്ത്യയെയും കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തിയാണെന്ന ഒറ്റ കാരണത്താല്‍ പുതിയ കാലത്തും മേധാവിത്വം തുടരാന്‍ അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ടെക്‌നോളജിയുടെ പുതിയ കാലത്ത് സാമ്പത്തിക – ആയുധ രംഗത്ത് മറ്റു പ്രമുഖ രാജ്യങ്ങളുമായി വലിയ വെല്ലുവിളി ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുമ്പോഴും അമേരിക്കയെ തന്നെ ലോകത്തിന്റെ കാവല്‍ക്കാരായി നിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത് അവരുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയാണ്.

നാസയുടെ ശേഷിയുടെ അടുത്ത് പോലും എത്താനുള്ള സംവിധാനം ഇന്ന് ലോകത്തെ മറ്റൊരു രാജ്യത്തിനും ഇല്ല. ലോക പൊലീസായി ഇനിയും ഒരുപാട് കാലം വിലസാന്‍ നാസയുടെ മാത്രം പൊന്‍തൂവല്‍ മതിയാകും അമേരിക്കക്ക് .

ഏറ്റവും ഒടുവിലായി ഇപ്പോള്‍ ഭൂമിയെ തകര്‍ക്കാന്‍ വരുന്ന കൂറ്റന്‍ ചിന്നഗ്രഹത്തെ ബഹിരാകാശത്ത് വച്ച് തന്നെ തകര്‍ക്കാനാണ് നാസ പദ്ധതി തയ്യാറാക്കുന്നത് .

ഭൂമിയില്‍ വന്നിടിക്കാന്‍ ഗവേഷകര്‍ ഏറെ സാധ്യത കല്‍പിച്ചിരിക്കുന്ന ‘ബെന്നു’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച ഒസിരിസ്‌റെക്‌സ് ഉപഗ്രഹം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ബെന്നുവിനെ ബഹിരാകാശത്തു വച്ചു തന്നെ ‘സ്‌ഫോടനത്തിലൂടെ’ തകര്‍ക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളാണ് നാസയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ‘നാം എത്തിയിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് ഈ ചരിത്രനിമിഷത്തെ നാസയിലെ ഒസിരിസ് ഗവേഷകസംഘം സ്വീകരിച്ചത്.

സൂര്യനില്‍ നിന്ന് താപം സ്വീകരിച്ച് യാത്ര തുടരാന്‍ ശേഷിയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഇത് ഭൂമിയെ സംബന്ധിച്ച് അപകടകരമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഒന്നായ എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തേക്കാള്‍ ബെന്നുവിന് ഉയരമുണ്ട്.

കരുത്തുറ്റ പാറക്കൂട്ടങ്ങളാലാണ് ഛിന്നഗ്രഹം നിര്‍മിച്ചിരിക്കുന്നത്. കാര്‍ബണ്‍ സമ്പന്നമായ ജൈവതന്മാത്രകള്‍ നിറഞ്ഞതാണിത്. സൗരയൂഥം രൂപപ്പെട്ട കാലത്തോളം ഇവയ്ക്ക് പഴക്കവുമുണ്ട് . ബെന്നുവിലെ ധാതുക്കളില്‍ ‘സംരക്ഷിക്കപ്പെട്ട’ നിലയില്‍ ജലതന്മാത്രകളുണ്ടെന്നും കരുതുന്നു. ഭൂമിയില്‍ ജീവന്റെ ആവിര്‍ഭാവം ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും വന്നിടിച്ചതിലൂടെയാണെന്നു കരുതുന്നവരാണ് ഒരു വിഭാഗം ഗവേഷകര്‍. ഇവയില്‍ നിന്നുള്ള ജൈവവസ്തുക്കളും വെള്ളവുമാണ് ഭൂമിയില്‍ ജീവന്റെ ഉല്‍പ്പത്തിയ്ക്ക് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. ഈ വാദത്തിനു ബലം പകരുന്ന തെളിവുകള്‍ ബെന്നുവില്‍ നിന്നുള്ള സാംപിളുകളുടെ അതിസൂക്ഷ്മപഠനത്തിലൂടെ ലഭിക്കുമെന്നാണു നാസ പ്രതീക്ഷിക്കുന്നത്.

അടുത്ത 166 വര്‍ഷത്തിനിടെ ഭൂമിയെ എന്നന്നേക്കുമായി ഇല്ലാതാക്കുംവിധം ഒരു ഛിന്നഗ്രഹം വന്നിടിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ഗവേഷകര്‍ നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഭൂമിയില്‍ വന്നിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള 72 നിയര്‍ എര്‍ത്ത് ഓബ്ജക്ടുകളില്‍ രണ്ടാം സ്ഥാനത്താണ് ബെന്നു.

അടുത്ത 150 വര്‍ഷത്തിനകം ഭൂമിയില്‍ ബെന്നു വന്നിടിക്കുമോയെന്നു വ്യക്താമാകാന്‍ 2020ല്‍ ലഭിക്കാനിരിക്കുന്ന സാംപിള്‍ നിര്‍ണായകമാണെന്നും നാസയുടെ വക്താവ് എറിന്‍ മോര്‍ട്ടന്‍ അറിയിച്ചിട്ടുണ്ട്. 2135ലായിരിക്കും ഇനി ബെന്നു ചന്ദ്രനേക്കാള്‍ അടുത്തായി ഭൂമിയെ ഭ്രമണം ചെയ്യുക. അതിന് ശേഷം 2175നും 2195നും ഇടയിലായിരിക്കും ഇത്തരമൊരു വരവ്. ഭൂമിയെ വന്നിടിക്കുന്നതില്‍ നിന്നു തടഞ്ഞ് അതിന്റെ സ്വാഭാവിക പാതയില്‍ നിന്ന് ഇടിച്ചു ‘തെറിപ്പിക്കാന്‍’ ശേഷിയുള്ള ഒരു പേടകവും നാസയുടെ പദ്ധതിയിലുണ്ട്. അങ്ങനെ ഭൂമിയുടെ നിരന്തര കാവല്‍ക്കാരനായി നിലകൊള്ളുകയാണ് നാസ.

Top