വാഷിംഗ്ടൺ: ചൊവ്വയിലെ നാസയുടെ പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന വിജയം. ചൊവ്വയിലെ അന്തരീക്ഷത്തിൽ നിന്നും പ്രാണവായു വേർതിരിച്ചെടുക്കാനുള്ള ശ്രമമാണ് വിജയിച്ചത്. നാസ വിക്ഷേപിച്ച പെർസെവെറൻസിലെ പരീക്ഷണ സംവിധാനമാണ് ചൊവ്വയിലെ കാർബൺഡൈ ഓക്‌സൈഡിൽ നിന്നും ഓക്‌സിജൻ വേർതിരിക്കുന്നതിൽ വിജയിച്ചത്.
ആറ് ചക്രങ്ങളുള്ള പെർസെവെറൻസിലെ റോബോട്ടാണ് ചുവപ്പൻ ഗ്രഹത്തിലെ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജനെ വേർതിരിച്ചത്. ഒരു ടോസ്റ്ററിന്റെ വലുപ്പമുള്ള പരീക്ഷണ ഉപകരണമാണ് ഉപയോഗിക്കുന്നതെന്ന് നാസ അറിയിച്ചു. ചൊവ്വയിലെത്തി അറുപതാം ദിവസമാണ് പരീക്ഷണം നടന്നത്.
എല്ലാ ബഹിരാകാശ ദൗത്യത്തിലും ഓക്‌സിജൻ നിർണ്ണായകമായ ഘടകമാണ്. ചെല്ലുന്ന ഗ്രഹത്തിൽ നിന്ന് ഓക്‌സിജൻ വേർതിരിക്കാൻ സാധിച്ചാൽ അത് വലിയ മുന്നേറ്റവും മനുഷ്യരാശിക്ക് ഗ്രഹങ്ങളിലെ വാസത്തിനുള്ള അനുകൂലഘടകവുമായി മാറുമെന്നും നാസ പറഞ്ഞു. ചൊവ്വയിൽ നാലുപേരടങ്ങുന്ന സംഘത്തിന് 55000 പൗണ്ട് അഥവാ 25 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമുണ്ട്. ഇന്ധനം അതേ സമയം ഏഴ് മെട്രിക് ടൺ മതി.