വാഷിങ്ടൻ : ചൊവ്വയിൽ ജൈവ തന്മാത്രകളെക്കുറിച്ച് നാസയുടെ റോവറായ പെഴ്സിവീയറൻസ് വിവരങ്ങൾ നൽകി. ഒരുകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരിക്കാം എന്ന സാധ്യതയിലേക്കു വിരൽചൂണ്ടുന്ന കണ്ടെത്തലാണിത്.
പെഴ്സിവീയറൻസിലെ ഉപകരണങ്ങളിൽ ഒന്നായ ഷെർലക്കാണ് തന്മാത്രകൾ കണ്ടെത്തിയത്. ഇന്ത്യൻ വംശജയും നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞയുമായ സുനന്ദ ശർമയുടെ നേതൃത്വത്തിലാണു പെഴ്സിവീയറൻസിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് പഠനങ്ങൾ നടത്തിയത്.
ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലെ 10 സ്ഥലങ്ങളിൽ നിന്നാണ് ജൈവതന്മാത്രകൾ കണ്ടെത്തിയത്. എന്നാൽ, ഈ തന്മാത്രകൾ കണ്ടെത്തിയതു കൊണ്ടു മാത്രം ചൊവ്വയിൽ ജീവനുണ്ടായിരുന്നെന്നു പറയാനാവില്ലെന്നാണു മറ്റു ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജീവനുമായി ബന്ധമില്ലാത്ത രാസപ്രവർത്തനങ്ങളാലും ഇവ സംഭവിക്കാം. 2021 ൽ ആണ് പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ ഇറങ്ങിയത്.