ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് നാസ; ഒസിരിസ് റെക്‌സ് ഇനി അപോഫിസിലേക്ക്

നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സാമ്പിള്‍ റിക്കവറി പേടകമായ ഒസിരിസ് റെക്‌സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തി. ഇന്ത്യന്‍ സമയം 8.22നാണ് അമേരിക്കയിലെ ഉട്ടാ മരുഭൂമിയില്‍ ക്യാപ്‌സൂള്‍ ഇറങ്ങിയത്. ക്യാപ്‌സൂള്‍ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് മാറ്റി. തുടര്‍ന്ന് ആസ്‌ട്രോമെറ്റീരിയല്‍സ് അക്വിസിഷന്‍ ആന്‍ഡ് ക്യുറേഷന്‍ ഫെസിലിറ്റിയിലായിരിക്കും പഠനവിധേയമാക്കുന്നത്. ബെന്നുവില്‍ നിന്നുള്ള കല്ലും, മണ്ണും പഠിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

250 ഗ്രാം ഭാരമാണ് ശേഖരിച്ച ഛിന്നഗ്രഹത്തിന്റെ സാംപിളിനുള്ളത്. ഒസിരിസ് ഉപഗ്രഹത്തെ വിക്ഷേപിച്ചത് 2016 സെപ്റ്റംബര്‍ എട്ടിനായിരുന്നു. 2018ല്‍ ഭ്രമണപഥത്തിലെത്തിയ പേടകം 2020 ഒക്ടോബര്‍ 20ന് ബെന്നുവിനെ തൊട്ടു. ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച കല്ലും മണ്ണുമായി 2021ല്‍ മടക്കയാത്ര ആരംഭിച്ച പേടകം രണ്ടു വര്‍ഷത്തിന് ശേഷമാണ് ഭൂമിയില്‍ പതിക്കുന്നത്. ഭൂമിയില്‍ നിന്ന് സുരക്ഷിത അകലത്തില്‍ വച്ച് സാമ്പിള്‍ റിക്കവറി പേടകത്തെ ഒസിരിസ് ഭൂമിയിലേക്ക് അയക്കുകയും, മാതൃപേടകത്തില്‍ നിന്ന് വേര്‍പ്പെട്ട് നാല് മണിക്കൂറിനുള്ളില്‍ ക്യാപ്‌സൂള്‍ ഭൂമിയിലേക്ക് എത്തുകയും ചെയ്തു.

സൗരയൂഥത്തോളം തന്നെ പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയിലേക്കയച്ചതിന് ശേഷം ഒസിരിസ് അടുത്ത ഉപഗ്രഹം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചിട്ടുണ്ട്. അപോഫിസ് എന്ന ഛിന്നഗ്രഹമാണ് അടുത്ത ദൗത്യം. 2029 ലായിരിക്കും പേടകം അവിടെയെത്തുക.

Top