ബഹിരാകാശത്തേക്ക് പോകുന്ന നാസ ഗവേഷകരെ എത്തിക്കാന്‍ ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാര്‍

മേരിക്ക 11 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്നും ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങുന്നു. മേയ് 27ന് സ്വകാര്യ കമ്പനിയായ സ്‌പേയ്‌സ് എക്‌സ് വികസിപ്പിച്ച ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂളില്‍ ആദ്യമായി അമേരിക്കന്‍ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പുറപ്പെടുകയാണ്.

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള അമേരിക്കയുടെ പദ്ധതികളുടെ മുന്നോടിയാണിത്. പ്രമുഖ വ്യവസായി ഇലോണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്‌പേയ്‌സ് എക്‌സ്. കമ്പനിയുടെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഗവേഷകരെ വഹിച്ചുള്ള ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ വിക്ഷേപിക്കുന്നത്.
അതിന്റെ ഭാഗമായി ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂളില്‍ ആദ്യമായി സഞ്ചരിക്കുന്ന നാസ ഗവേഷകരെ ലോഞ്ചിങ് പാഡിലേക്ക് എത്തിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ തന്നെ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറും ഒരുക്കിയിരിക്കുന്നു.

നാസ അഡ്മിനിസ്‌ട്രേറ്ററായ ജിം ബ്രൈഡന്‍സ്റ്റീന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. കാറിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിക്ഷേപണത്തിനായി നാസ ഗവേഷകരെ ഒരു കാറിലെത്തിക്കുന്നത് ഇത് ആദ്യമാണ്.

വെള്ള നിറത്തിലുള്ള കാറിന്റെ രണ്ട് വശങ്ങളിലായി നാസയുടെ ലോഗോയും പിന്നില്‍ ചുവന്ന വലിയ അക്ഷരത്തില്‍ നാസയുടെ പേരും പതിച്ചിട്ടുണ്ട്. ഈ കാര്‍ ഓടിച്ചാണ് ഗവേഷകരായ ബോബ് ബെങ്കനും, ഡഗ് ഹര്‍ലിയും നാസയുടെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ചിങ് പാഡിലെത്തുക.

Top