ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍ നിന്ന് വിക്രം ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയച്ച് ഐഎസ്ആര്‍ഒയുടെ ശ്രമത്തില്‍ നാസയും പങ്കു ചേര്‍ന്നിരിക്കുകയാണ്. ലാന്‍ഡറുമായുള്ള സമ്പര്‍ക്കത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി റേഡിയോ സിഗ്‌നലുകള്‍ അയച്ചു കൊണ്ടിരിക്കുകയാണെന്ന് നാസ വക്താവ് അറിയിച്ചു. നാസയുടെ ഡീപ് സ്പേസ് നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലാന്‍ഡറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഐഎസ്ആര്‍ഒയുമായി ധാരണയിലെത്തിയതായി നാസ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഡിഎസ്എന്‍ സ്റ്റേഷനില്‍ നിന്ന് ലാന്‍ഡറിലേക്ക് റേഡിയോ സിഗ്‌നല്‍ അയച്ചതായി ബഹിരാകാശശാസ്ത്രജ്ഞനായ സ്‌കോട്ട് ടില്ലി സ്ഥിരീകരിച്ചു. 12 കിലോവാട്സ് ആവൃത്തിയുള്ള ഡിഎസ് എന്‍ 24 റേഡിയോ സിഗ്‌നലുകള്‍ വിക്രം ലാന്‍ഡറെ പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് നിഗമനം. ചന്ദ്രോപരിതലത്തിലേക്കാണ് ഈ സിഗ്‌നലുകള്‍ അയക്കുന്നത്.

വിക്രം ലാന്‍ഡറിനെ കണ്ടെത്തിയ മേഖലയിലേക്കാണ് അതിശക്തമായ സിഗ്‌നലുകള്‍ തുടരെ അയച്ചു കൊണ്ടിരിക്കുന്നത്. റേഡിയോ റിഫളക്ടറായി പ്രവര്‍ത്തിച്ച് ചന്ദ്രന്‍ അവിടെയെത്തുന്ന സിഗ്‌നലുകളുടെ ഒരു ചെറിയ ഭാഗം തിരികെ അയയ്ക്കും. ഈ സിഗ്‌നലുകള്‍ സ്ഥിതിഗതി മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സഹായമാവും.

അതേസമയം 14 ഭൗമദിനങ്ങള്‍ക്കുള്ളില്‍ വിക്രം ലാന്‍ഡര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം ഭാഗികമായി പരാജയമായിത്തീരും. അതിനാല്‍ ഏറെ നിര്‍ണായകമാണ് ഈ ദിവസങ്ങള്‍. 14ദിവസങ്ങള്‍ വിക്രം ലാന്‍ഡറുമായി ആശയസമ്പര്‍ക്കത്തിനായി നിരന്തരം ശ്രമിക്കാന്‍ തന്നെയാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

Top