ചൊവ്വാ ഗ്രഹത്തിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ത്രിമാന ക്യാമറയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
ചൊവ്വാ പര്യവേക്ഷണത്തിനായി നാസ വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ പേടകം ‘പെര്‍സെവറന്‍സ്’ലാണ് ത്രിമാന ക്യാമറയുണ്ടാകുക. പേടകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത മാസ്റ്റ്കാംഇസഡ് എന്ന ക്യാമറയാണ് വസ്തുക്കളെ കൃത്യതയോടെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുക.
ക്യാമറ ദിവസേന ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമാകും. ചിത്രങ്ങള്‍ പരിശോധിക്കാനാകുമെന്നത് പഠനങ്ങള്‍ക്കും സഹായിക്കുന്നു.
മാസ്റ്റ്കാംഇസഡ് രണ്ടു ലെന്‍സുകളും ഉപയോഗിച്ച് വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതേസമയം ത്രിമാന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. വിവിധ തരംഗ ദൈര്‍ഘ്യത്തിലും നിറങ്ങളിലും വസ്തുക്കളെ പകര്‍ത്തുകയും ഇത് ഗവേഷണസംഘത്തിന് കൈമാറുകയും ചെയ്യും.
നാസ ചൊവ്വാ പര്യവേക്ഷണത്തിന്റെ ഭാഗമായി 2011ല്‍ വിക്ഷേപിച്ച പേടകം ക്യൂരിയോസിറ്റിയില്‍ ചിത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ രൂപകല്‍പന ചെയ്‌തെങ്കിലും പരീക്ഷണം വിജയകരമായിരുന്നില്ല. അടുത്ത ജൂലായില്‍ പെര്‍സെവറന്‍സ് പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 2021 ഫെബ്രുവരിയില്‍ പേടകം ചൊവ്വയിലെത്തുമെന്നാണ് കരുതുന്നത്.