വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം; ബഹിരാകാശ ചിത്രം പുറത്തുവിട്ട് നാസ

ലോകഗതി മാറ്റിമറിക്കാൻ കാരണമായ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം ബഹിരാകാശത്ത് വെച്ച് കാണുമ്പോൾ എങ്ങനെയായിരുന്നു എന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. ദുരന്തത്തിന്റെ 21-ാം വർഷികത്തേൊട് അനുബന്ധിച്ചാണ് ലോകത്തിനു മുമ്പാകെ ഇക്കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത്. അന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഫ്രാങ്ക് കൾബേറ്റ്‌സണാണ് അമേരിക്കയുടെ അഭിമാന സ്തംഭങ്ങൾ തീയും പുകയുമായി തകർന്നടിഞ്ഞു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ബഹിരാകാശത്തുവെച്ച് പകർത്തിയത്. ദുരന്തവാർഷികമായ ഇന്നലെ ആ ദൃശ്യങ്ങൾ ട്വിറ്ററിലൂടെയാണ് നാസ പുറത്തുവിട്ടത്.

അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 11 (എഎ11) ആണ് അഞ്ച് ഭീകരർ റാഞ്ചി ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിച്ചത്. 110 നിലകളുള്ള നോർത്ത് ടവറിലെ 80-ാംനിലയിലേക്കാണ് ആദ്യം അത് ഇടിച്ചിറക്കിയത്. നിമിഷങ്ങൾക്കുള്ളിൽ അടുത്ത വിമാനമെത്തി. ഭീകരവാദികൾ റാഞ്ചിയ യുനൈറ്റഡ് എയർലൈൻസ് ഫ്‌ലൈറ്റ് 175 (യുഎ 175) സൗത്ത് ടവറിലെ അറുപതാം നിലയിലേക്ക് ഇടിച്ചു. ബോസ്റ്റണിലെ ലോഗൻ വിമാനത്താവളത്തിൽനിന്ന് ലോസ് എയ്ഞ്ചലസിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് വേൾഡ് ട്രേഡ് സെന്ററിനു നേർക്ക് ഇടിച്ചിറക്കിയത്. ഇതോടൊപ്പം ഡലസ് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്‌ലൈറ്റ് 77 (എഎ 77) പെന്റഗണിന്റെ പടിഞ്ഞാറു ഭാഗത്ത് ഇടിച്ചിറക്കി.

യുഎസിലെ ന്യൂവേക്ക് വിമാനത്താവളത്തിൽനിന്ന് മറ്റൊരു വിമാനവും റാഞ്ചപ്പെട്ടിരുന്നുവെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് ആക്രമണം നടന്നില്ല. ആ വിമാനം പെൻസിൽവാനിയയിലെ ഒരു വയൽപ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നു. വൈറ്റ്ഹൗസിനെയോ കാപിറ്റോൾ ടവറിനെയോ ലക്ക്ഷ്യമിട്ട ആക്രമണമാണ് ആ വിധത്തിൽ അലസിപ്പോയതെന്നാണ് കരുതുന്നത്.

ഇരട്ട ഗോപുരങ്ങൾക്കു േനരെയുണ്ടായ ഭീകരാക്രമണത്തിൽ മൻഹാട്ടൻ നഗരത്തിനു മുകളിലൂടെ പുകപടലങ്ങൾ വ്യാപിക്കുന്നതാണ് ബഹിരാകാശത്തുനിന്നും പകർത്തിയ ഈ ദൃശ്യങ്ങളിലുള്ളത്. ”അമേരിക്കൻ സംസ്‌കാരത്തിന്റെ നിർണായക മാറ്റത്തിനും നിരവധി ജീവനുകളുടെ നഷ്ടത്തിനും ഇടയാക്കിയ ഭീകരാക്രമണം ദേശീയ ദുരന്തമായിരുന്നു. വർഷം തോറും നാം ആ ദുരന്തം ഓർക്കുന്നു, ഒരിക്കലും മറക്കാതെ.”എന്ന വാചകങ്ങൾക്കൊപ്പമാണ് നാസ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒപ്പം, ആ പടങ്ങൾ പകർത്തിയ ബഹിരാകാശസഞ്ചാരിയായ ഫ്രാങ്ക് കൾബേറ്റ്‌സണിന്റെ വാക്കുകളും നാസ ഷെയർ ചെയ്തിട്ടുണ്ട്. ആ സമയത്ത് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്ന ഏക യുഎസ് ബഹിരാകാശ സഞ്ചാരിയായിരുന്നു ഫ്രാങ്ക് കൾബേറ്റ്‌സൺ.

2001 സെപ്തംബർ 11-ന് വിവിധ സംഭവങ്ങളിലായി അന്ന് മരിച്ചത് 2997 പേരാണെന്നാണ് റിപ്പോർട്ടുകൾ. 78 രാജ്യങ്ങളിൽനിന്നുള്ളവർ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. പതിനായിരങ്ങൾക്കാണ് നാല് ആക്രമണങ്ങളിലായി പരുക്കേറ്റത്. വേൾഡ് ട്രേഡ് സെന്റർ തകർന്നത് വഴി മാത്രമുണ്ടായ നഷ്ടം 6000 കോടി ഡോളറാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Top