വാഷിങ്ടന്‍: സൂര്യന്റെ രഹസ്യത്തെ കുറിച്ച് പഠിക്കാന്‍ ബഹിരാകാശ പേടകം അയയ്ക്കാനൊരുങ്ങി നാസ. റോബര്‍ട്ട് നിയന്ത്രിത പേടകത്തെ അടുത്ത വര്‍ഷത്തോടെ അയയ്ക്കാനാണ് നാസയുടെ തീരുമാനം.
ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്ററോളം അകലെയാണ് സൂര്യന്‍. 60 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ പോയി നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് നാസ പറയുന്നത്.1370 ഡിഗ്രി സെല്‍ഷ്യസ് ചൂടുവരെ താങ്ങുന്ന ബഹിരാകാശ പേടകമാണ് നാസ തയാറാക്കുന്നത്.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് പഠിക്കാന്‍ തീതുമാനിച്ചിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെ അപേക്ഷിച്ച് ഉപരിതലത്തില്‍ ചൂടു കുറവായിരിക്കുന്നത് എന്തുകൊണ്ട്?. കൊറോണ എന്ന് അറിയപ്പെടുന്ന അന്തരീക്ഷം 20 ലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ ഉപരിതലമായ ഫോട്ടോസ്ഫിയറിലെ താപം 5500 ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യനില്‍ നിന്ന് എല്ലാ ദിക്കുകളിലേക്കും മണിക്കൂറില്‍ പത്തുലക്ഷം മൈല്‍ വേഗത്തില്‍ പ്രസരിക്കുന്ന ഊര്‍ജകണങ്ങളുണ്ട്. എന്നാല്‍ ഇവയ്ക്ക് ഈ പ്രസരണവേഗം എവിടെ നിന്നു കിട്ടുന്നു?. സൂര്യനില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് അപകടകാരികളായ ഊര്‍ജകണങ്ങള്‍ തെറിക്കുന്നത് എന്തുകൊണ്ട്?. ഈ മൂന്നു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് അറിയേണ്ടത്.