ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കുന്ന (നേസല്‍ വാക്‌സിന്‍) കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചു. 18 നും 60നും ഇടയില്‍ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്.
മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന കൊവിഡ് വാക്‌സിനാണ് നേസല്‍ വാക്‌സിന്‍ (ബി.ബി.ബി154). ഇത് മൂക്കില്‍ നിന്ന് നേരിട്ട് ശ്വസനപാതയിലേക്കെത്തും. കുത്തിവെയ്പ്പിന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ ഗുണം. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഈ വര്‍ഷം അവസാനത്തോടെ 10 കോടി നേവല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
കുത്തിവയ്പ്പിനെക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കാന്‍ നേസല്‍ വാക്‌സിന്‍ സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. സിറിഞ്ചുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലാഭിക്കാനും ഓരോ വാക്‌സിനേഷന്‍ എടുക്കുന്ന സമയം കുറയ്ക്കാനും നേസല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.