NASA’s Juno probe enters orbit around Jupiter

വാഷിങ്ടണ്‍: നാസയുടെ ജൂനോ പേടകം സൗരയൂഥത്തിലെ എറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

അഞ്ചു വര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ വ്യാഴത്തിന്റെ അരികിലത്തെുന്നത്. പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന് ശേഷമാണ് ജൂനോ ദൗത്യം വിജയിച്ചത്.

2011 ആഗസ്റ്റില്‍ കേപ് കനാവരില്‍നിന്ന് അറ്റ്‌ലസ് റോക്കറ്റില്‍ വിക്ഷേപിച്ച ജുനോ 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് വ്യാഴത്തിനരികിലത്തെിയിരിക്കുന്നത്.

4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട വ്യാഴത്തെക്കുറിച്ച് പഠിക്കാന്‍ ഇതിനുമുമ്പ് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ടെങ്കിലും ഗ്രഹത്തിന്റെ ഇത്രയും അടുത്തേക്ക് അവയൊന്നും എത്തിട്ടില്ല.

സൗരയൂഥ ജനനത്തിന്റെ ആദ്യഘത്തില്‍തന്നെ വ്യാഴവും ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഈ ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിലൂടെ സൗരയൂഥരൂപവത്കരണത്തെ സംബന്ധിച്ചും സൂചനകള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ഇവിടത്തെ ഹൈഡ്രജന്‍ഓക്‌സിജന്‍ അനുപാതം കണക്കാക്കുക, ഗ്രഹത്തിന്റെ അകക്കാമ്പിന്റെ പിണ്ഡം നിര്‍ണയിക്കുക, ഗുരുത്വാകര്‍ഷണ മേഖലയുടെയും കാന്തികമേഖലയുടെയും വ്യാപ്തി കണക്കാക്കുക തുടങ്ങിയവയൊക്കെയാണ് ജുനോ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്.

ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നരവര്‍ഷം ജുനോ വ്യാഴത്തെ പരിക്രമണം ചെയ്യും. ഇക്കാലയളവിനുള്ളില്‍ 37 തവണ ഗ്രഹത്തെ ചുറ്റാനാകും. അതിനുശേഷം, ജുനോയെ ഭ്രമണപഥത്തില്‍ തന്നെ ഉപേക്ഷിച്ച് ദൗത്യം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി.

Top