ഡല്‍ഹി: നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ബുലന്ദ്ശഹറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിനാണ് അദ്ദേഹതിതിന് നേരെ പ്രതിഷേധം ഉയരുന്നത്. ഇതിനെത്തുടര്‍ന്ന് അജ്മീറില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന പരിപാടി സാഹിത്യോത്സവ സമിതി റദ്ദാക്കി. വലതുപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്നാണ് വിവരം.
ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ വില പശുവിന്റെ മരണത്തിനാണെന്ന് നസിറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതാണ് വലതുപക്ഷ സംഘടനകളെ ചൊടുപ്പിച്ചത്. കാര്‍വാന്‍-ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് അദ്ദേഹം പരാമര്‍ശം നടത്തിയത്.
വെള്ളിയാഴ്ച പരിപാടിയില്‍ പങ്കെടുക്കാനായി അദ്ദേഹം അജ്മീറിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞു. പ്രതിഷേധക്കാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്ററില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു. നസീറുദ്ദീന്‍ ഷായുടെയും സാഹിത്യോത്സവ വേദിയുടെയും സുരക്ഷയെ കരുതിയാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു. അജ്മീറിലെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് നസീറുദ്ദീന്‍ ഷാ ആയിരുന്നു. സാഹിത്യോത്സവത്തില്‍ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനവുമുണ്ടായിരുന്നു. ഇതും റദ്ദാക്കി.