മലപ്പുറം: സിപിഐഎമ്മിനെതിരെ വീണ്ടും ആരോപണമുന്നയിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പെണ്‍കുട്ടികളെ സംരക്ഷിക്കണമെന്ന ജാഗ്രത നിര്‍ദേശം നല്‍കാന്‍ ഒരുത്തന്റേം തിട്ടൂരം ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം പറയാന്‍ എ കെ ജി സെന്ററില്‍ നിന്ന് അനുമതി വേണോ എന്ന് ചോദിച്ചു.
ഡിവൈഎഫ്‌ഐയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി ഉന്നയിച്ചു. ഇന്നലെ മലപ്പുറം താനൂരില്‍ വച്ച് നടന്ന യൂത്ത് മാര്‍ച്ച് സമാപന സമ്മേളനത്തിലായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം. സിപിഐഎം ദുഷ്ടലാക്ക് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതേ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതാണ് ഇപ്പോള്‍ നടത്തിയ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്.