തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അവാർഡ് ജേതാക്കൾ ബഹിഷ്‌കരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് കോൺഗ്രസ്സ് നേതാവ് വിഎംസുധീരൻ.തെറ്റു സമ്മതിച്ച് കേന്ദ്രസർക്കാർ രാജ്യത്തോടും പുരസ്‌കാര ജേതാക്കളായ കലാപ്രതിഭകളോടും മാപ്പു പറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വൻ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവച്ച കേന്ദ്രസർക്കാർ വീണിടത്തു കിടന്ന് ഉരുളുകയാണ്. കഴിഞ്ഞ 65 വർഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നൽകാൻ കേന്ദ്ര സർക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
പ്രോട്ടോക്കോൾ എന്നതു കാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ധാരണ പിശക് വന്നാൽ നേരിട്ടുകണ്ട് പതിവ് രീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
എന്നാൽ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധീരൻ കുറ്റപ്പെടുത്തി.ഇനിയും ന്യായീകരണങ്ങൾ പറഞ്ഞ് കൂടുതൽ മോശമാകാതെ തെറ്റ് സമ്മതിച്ച് രാജ്യത്തോടും പുരസ്‌കാര ജേതാക്കളായ കലാപ്രതിഭകളോടും കേന്ദ്രസർക്കാർ മാപ്പുപറയണമെന്നും സുധീരൻ ആവശ്യപ്പെട്ടു.