ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഇന്ത്യക്കാരാരെയും പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞിരുന്ന ഓരോ വ്യക്തിയും ആഗ്രഹിച്ചതാണ് ഇന്ത്യന്‍ പൗരന്‍മാരെയും വിദേശ പൗരന്‍മാരെയും വേര്‍തിരിക്കുന്ന പട്ടിക.എന്നാല്‍, പട്ടികയുമായി ബന്ധപ്പെട്ട് ചില പരാതികളുണ്ട്. ഇതെല്ലാം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. പരാതിയെക്കുറിച്ച് വിവരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
പൗരത്വ പട്ടികയുടെ അന്തിമ കരട് ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരുന്നു. 2.89 കോടി ജനങ്ങളെ മാത്രമായിരുന്നു കരടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 40 ലക്ഷം ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് പൗരത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 1951നോ അതിനു മുമ്പോ ഇന്ത്യയിലുള്ളവരെ മാത്രമാണ് പൗരത്വ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുക.