മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട, മോദി സര്‍ക്കാര്‍ ഉള്ള കാലം വരെ നിങ്ങള്‍ സുരക്ഷിതരായിരിക്കും; അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. തിങ്കളാഴ്ച ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷം കിട്ടിയതോടെ ബില്‍ രാജ്യ സഭയുടെ അംഗീകാരത്തിനായി മാറ്റുകയായിരുന്നു.

അതേസമയം ലോകത്താകമാനമുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് അമിത് ഷാ. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നത്. ബില്ലില്‍ മുസ്ലീംങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഇല്ലാത്തതിനാല്‍ അസമിലെ ഈ വിഭാഗം ഔട്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മാത്രമല്ല മുസ്ലീംങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു എന്നും ആരോപണങ്ങള്‍ വന്നിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇത്തരം ഒരു ചോദ്യം സഭയില്‍ ഉന്നയിച്ചത്.

‘ലോകത്താകമാനമുള്ള മുസ്ലിങ്ങളെ നമുക്ക് ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? അങ്ങനെയല്ല രാജ്യം മുന്നോട്ടുപോകേണ്ടത്. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോ’യെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മോദി സര്‍ക്കാര്‍ ഉള്ള കാലം ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അമിത് ഷാ അറിയിച്ചു.

2014ലെ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഈ വാഗ്ദാനം അടക്കമുള്ളവ അംഗീകരിച്ചാണ് ബി.ജെ.പിയെ ജയിപ്പിച്ചത്.

ബില്‍ രാജ്യ സഭയില്‍ അവതരിപ്പിക്കുമ്പോഴും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചിരുന്നു.

Top