തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്ന ആറുവയസുകാരനെ മർദിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടൽ. കണ്ണൂർ കളക്ടർക്കും എസ്പിക്കും ബാലാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കാനാണ് നിർദേശം. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
കുട്ടിയെ മർദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങൾ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.