ന്യൂഡല്‍ഹി: 2021 ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലധികം പരാതികളെന്ന് ദേശീയ വനിത കമ്മീഷന്‍. പകുതിയലധികവും റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കുന്നു. അതേസമയം 2020ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ 23,723 പരാതികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2021 ല്‍ എത്തിനില്‍ക്കുമ്പോള്‍ അതിക്രമങ്ങള്‍ മുപ്പതുശതമാനം വര്‍ധിച്ചു.
2014നുശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 30,864 പരാതികളില്‍ ഏറെയും അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചാണ്. തൊട്ടുപിന്നില്‍ ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പീഡന പരാതികളും ഉള്‍പ്പെടുമെന്നും ദേശീയ വനിതാകമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം എന്നിവയുമായി ബന്ധപ്പെട്ട 1675 പരാതികളാണ് 2021ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പതിനയ്യായിരത്തിലധികം പരാതികളാണ് യുപിയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിന് ഇരുപത്തിനാലുമണിക്കൂറും സജ്ജമായിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഹെല്‍പ്പ്‌ലൈനില്‍ സ്ത്രീകള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.