രാജ്യത്ത് ആദ്യമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെന്ന് സര്‍വേ റിപ്പോര്‍ട്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്.
എന്‍എഫ്എച്ച്എസ് സാമ്പിള്‍ സര്‍വേയാണ്. ഈ കണക്ക് വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് ദേശീയ സെന്‍സസിന് ശേഷമേ ഉറപ്പിക്കാനാവൂ. നവംബര്‍ 24ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സാമ്പിള്‍ സര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്‍എഫ്എച്ച്എസ് നടത്തിയ സര്‍വേയില്‍ ഇത് ആദ്യമായാണ് അനുപാത കണക്കില്‍ സ്ത്രീകളുടെ എണ്ണം കൂടുന്നത്. 2005-2006ല്‍ നടത്തിയ സര്‍വേയില്‍ സ്ത്രീപുരുഷ അനുപാതം തുല്യമായിരുന്നു. 2015-16ല്‍ 1000 പുരുഷന്മാര്‍ക്ക് 991 സ്ത്രീകള്‍ എന്ന നിലയില്‍ അനുപാതം താഴ്ന്നു.
സ്ത്രീ ശാക്തീകരണത്തിനായുള്ള നടപടികള്‍ ഫലം കണ്ടു എന്നാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ പറഞ്ഞു. പെണ്‍ ശിശുഹത്യ ഉള്‍പ്പെടെ നിലനിന്ന സ്ഥലത്ത് ഇപ്പോഴത്തെ സ്ത്രീപുരുഷാനുപാതം നാഴികക്കല്ലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സെന്‍സസ് ഓഫ് ഇന്ത്യ വെബ്സൈറ്റിലെ വിവര പ്രകാരം 2010-14ല്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യം യഥാക്രമം 66.4 വര്‍ഷവും 69.6 വര്‍ഷവുമാണ്. 2005-06 ല്‍ 15 വയസ്സിന് താഴെയുള്ളവര്‍ ജനസംഖ്യയുടെ 34.9 ശതമാനമായിരുന്നു. 2019-21ല്‍ 26.5 ശതമാനമായി കുറഞ്ഞു. എന്നാലും ഇന്ത്യ ഇപ്പോഴും ഒരു യുവാക്കളുടെ രാജ്യമാണ്.
സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ സമീപനത്തിന് പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് മാത്രം മുന്‍ഗണന നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സമഗ്രമായ വീക്ഷണം ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്റ് യാമിനി അയ്യര്‍ പറഞ്ഞു. 2019-20ല്‍ കൂടുതല്‍ സ്ത്രീകള്‍ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ തൊഴില്‍ വിപണിയിലെ ഘടനാപരമായ വെല്ലുവിളികളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ഇന്ത്യ പുരോഗതി കൈവരിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തരമായി മാറ്റമുണ്ടാകണമെന്നും യാമിനി അയ്യര്‍ ചൂണ്ടിക്കാട്ടി.