ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്ക് മെഡലും ചെക്കും സ്പീഡ് പോസ്റ്റില്‍

award

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിക്കു പകരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച് 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ എത്തിക്കുമെന്ന് ഡയറക്ട്രറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ പുരസ്‌കാരം എത്തിച്ചു നല്‍കുന്ന പതിവുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളിലും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് പ്രശ്നങ്ങള്‍ മൂലവും ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതു പോലെ പുരസ്‌കാരം അയ്ച്ചു നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തവണ രാഷ്ട്രപതി പുരസ്‌കാരം നല്‍കിയത് 11 പേര്‍ക്ക് മാത്രമായിരുന്നു. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നു ചോദിച്ച് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.

പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ മാറ്റം അംഗീകരിക്കാനാവില്ലെന്നുമാണ് ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ നിലപാട്. തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം പ്രസിഡന്റ് നല്‍കുന്ന വിധത്തില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മാറ്റം വരുത്താനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.

Top