ന്യൂഡല്‍ഹി: സിനിമകളും ദേശീയതയും വിവാദങ്ങള്‍ക്കു വഴിവെക്കുമ്പോഴും ദേശസ്‌നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലാണ് ഇത്തരം സിനിമകള്‍ കൂടുതല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
2017ല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചത് ദേശസ്‌നേഹം വിളംബരം ചെയ്യുന്ന 17 ചിത്രങ്ങളാണെന്ന് വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ വര്‍ഷവും ദൂര്‍ദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്‌നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ 2016ല്‍ 14 ചിത്രങ്ങളായി ഉയര്‍ന്നു. 2017ല്‍ ഇത് 17 ചിത്രങ്ങളായി ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ കാലയളവില്‍ 36 ദേശസ്‌നേഹ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
ദേശസ്‌നേഹം വിഷയമാകുന്ന എത്ര ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന ബിജെപി എംപി ഹരീഷ് ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.