ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട്; ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയതിനാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഫോക്‌സ്‌വാഗണില്‍ നിന്നും ഇത്രയും തുക പിഴയായ് ഈടാക്കിയത്. പുകപരിശോധന നടത്തിയ വേളയില്‍ മലിനീകരണ തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് കമ്പനി വന്‍ തട്ടിപ്പ് നടത്തിയത്.

2018 നവംബര്‍ മാസത്തിലാണ് ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഇന്ത്യയ്ക്കുണ്ടായ ആഘാതം വിലയിരുത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 28 ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

2016 ല്‍ പുകമറ വിവാദത്തില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഇന്ത്യയില്‍ 48.678 ടണ്‍ നൈട്രസ് ഓക്‌സൈഡ് വാതകം പുറന്തള്ളിയെന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. രാജ്യ തലസ്ഥാനമായ .ന്യൂഡല്‍ഹിയില്‍ മാത്രമായി 171.34 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വായുവില്‍ നൈട്രജന്‍ ഡൈയോക്‌സൈഡിന്റെ കൂടിയ അളവ് ആസ്ത്മ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാണ്. ഉയര്‍ന്നതോതില്‍ നൈട്രസ് ഓക്‌സൈഡ് അന്തരീക്ഷത്തില്‍ കലരുമ്പോള്‍ അമ്ലമഴയ്ക്കും പുകമഞ്ഞിനും സാധ്യതകൂടുമെന്നും റിപ്പോര്‍ട്ടില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.

2015 ലായിരുന്നു ഫോക്‌സ്‌വാഗണ്‍ പ്രതിയായ ഡീസല്‍ഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാന്‍ ഫോക്‌സ്വാഗണ്‍ കൃത്രിമം കാണിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം.

Top