രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും, ഹാജരാകണമെന്ന് ഇഡി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരായത്. നാലാം ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യൽ മാറ്റാൻ രാഹുൽ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യംചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും എഐസിസി ആസ്ഥാനത്തു കയറിയുള്ള ദില്ലി പൊലീസിന്റെ അതിക്രമത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് രാഷ്ട്രപതിക്ക് രണ്ടു നിവേദനങ്ങൾ നൽകി. കെസി വേണുഗോപാൽ , പി ചിദംബരം , മല്ലികാർജുൻ ഖാർഗെ തുടങ്ങിയ അഞ്ചു നേതാക്കളാണ് രാഷ്‌ട്രപതി ഭവനിലെത്തി നിവേദനം നൽകിയത്. രാഹുൽ ഗാന്ധിയെ ഇഡി അകാരണമായി ഉപദ്രവിക്കുകയാണെന്നും, എംപിമാരെ ദില്ലി പോലീസ് മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചത് പ്രിവിലേജ് കമ്മറ്റി അന്വേഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ നിന്നും പ്രകടനമായി രാഷ്‌ട്രപതി ഭവനിലേക്ക് പോകാൻ ശ്രമിച്ച എംപിമാരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി.

Top