ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം. കേസിൽ ഈ മാസം 8ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോൺഗ്രസ് പ്രസ്താവിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ പാർട്ടി മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുന്നത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേതാക്കൾക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കേസിൽ 2015ൽ പട്യാല കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.