നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയെ ചോദ്യം ചെയുന്ന ദിവസം സത്യാഗ്രഹം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ജൂലൈ 26ന് കോൺഗ്രസ് അധ്യക്ഷ ഇഡിക്ക് മുമ്പില്‍ ഹാജരാകുമ്പോള്‍ സത്യാഗ്രഹം നടത്താനാണ് പാര്‍ട്ടി തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി അന്വേഷണത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പുതുച്ചേരിയില്‍ 300-ലധികം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഗാന്ധി പ്രതിമയ്ക്ക് മുമ്പിലോ അതത് തലസ്ഥാന നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള ഏതെങ്കിലും സ്ഥലത്തോ സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ് നിര്‍ദ്ദേശം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സത്യാഗ്രഹം സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരായ പ്രതിഷേധമാണ് സത്യാഗ്രഹമെന്ന് കത്തില്‍ പറയുന്നു.

Top