ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിയും മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയും ഹൈക്കോടതിയില്‍ ഹാജരാവേണ്ടതില്ലെന്ന് സുപ്രീം കോടതി.
ഫെബ്രുവരി 20ന് ഇരുവരോടും കോടതിയില്‍ ഹാജരാവാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി നടത്തിയ പരാമര്‍ശങ്ങളെല്ലാം സുപ്രീം കോടതി നീക്കി. കപില്‍ സിബലാണ് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായത്.
ഇരുവര്‍ക്കും എതിരെ ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശം കേസിന്റെ തുടര്‍ന്നുള്ള ഗതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് കെഹാര്‍ നിരീക്ഷിച്ചു. സോണിയക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് കൊടുത്ത സുബ്രഹ്മണ്യം സ്വാമി തുടര്‍ വാദത്തിനായി ഫിബ്രവരി 12ന് എത്താമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
എന്നാലിപ്പോള്‍ പറയുന്നത് ഫെബ്രുവരി 19 വരെ അദ്ദേഹത്തിന് വരാന്‍ സാധിക്കില്ലെന്നാണെന്നും സിബല്‍ കോടതിയെ ബോധിപ്പിച്ചു.