രാജ്യത്തിനും കോണ്‍ഗ്രസിനും വൈകാരികതയുള്ള ഇടമാണ് നാഷണല്‍ ഹെറാള്‍ഡ് ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് ജവഹർ ലാൽ നെഹ്‌റു ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡെന്നും സതീശന്‍ പറഞ്ഞു. ഈ പാരമ്പര്യം ബിജെപിക്ക് അറിയില്ല. 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി രാഷ്ട്രീയ ലക്ഷ്യം വച്ച് നല്‍കിയ കേസ് മറയാക്കിയാണ് മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോള്‍ വേട്ടയാടുന്നതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നെഹ്റു അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നു.
കാരണം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സന്ദേശം പ്രസിദ്ധീകരണങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റു 1937-ല്‍ സ്ഥാപിച്ച കമ്പനിയാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍). എ.ജെ.എല്‍ ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും ഉറുദുവില്‍ ക്വാമി ആവാസും ഹിന്ദിയില്‍ നവജീവനും പ്രസിദ്ധീകരിച്ചു. കോടികളുടെ സാമ്പത്തിക ബാധ്യത വന്നതോടെ 2008 ല്‍ മൂന്ന് പ്രസിദ്ധീകരണങ്ങളും നിലച്ചു. 2011-ല്‍ സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യംഗ് ഇന്ത്യ എന്ന ലാഭേച്ഛയില്ലാത്ത കമ്പനി (Non profitable Company) എ.ജെ.എല്ലിന്റെ കടബാധ്യതകള്‍ ഏറ്റെടുത്തു. പത്രങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം കൊടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് കമ്പനി വളരുകയും ചെയ്തു. 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി രാഷ്ട്രീയ ലക്ഷ്യം വച്ച് നല്‍കിയ കേസ് മറയാക്കിയാണ് മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോള്‍ വേട്ടയാടുന്നത്.
കമ്പനി നിയമത്തിന്റെ 25-ാം വകുപ്പ് പ്രകാരമാണ് ലാഭേച്ഛയില്ലാത്ത കമ്പനിയായി യംഗ് ഇന്ത്യന്‍ രൂപീകരിച്ചതും ഓഹരി ഉടമകളുടെ സമ്മതത്തോടെ എ.ജെ.എല്ലിന്റെ ബാധ്യതകള്‍ ഏറ്റെടുത്തതും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യംഗ് ഇന്ത്യന്‍ ഇക്വിറ്റി ഇഷ്യൂ ചെയ്താണ് നാഷണല്‍ ഹെറാള്‍ഡിന്റെ കടം തീര്‍ത്തത്. കടബാധ്യതയുള്ള കമ്പനികള്‍ ചെയ്യുന്ന സാധാരണ രീതിയാണ് കടം ഇക്വിറ്റിയാക്കല്‍. ബാധ്യതകള്‍ പൂര്‍ണമായും വീട്ടി 2011-12 ല്‍ നാഷണല്‍ ഹെറാള്‍ഡ് ലാഭത്തിലെത്തി. അതേസമയം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായതിനാല്‍ യംഗ് ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍ക്കോ ലാഭ വിഹിതം ലഭിക്കില്ല. അതുകൊണ്ടു തന്നെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതി നടത്തിയെന്ന ആരോപണം യുക്തിക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന അസത്യ പ്രചാരണം മാത്രമാണ് ഈ കേസും ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനം സീല്‍ ചെയ്തതും.
രാജ്യത്തിനും കോണ്‍ഗ്രസിനും വൈകാരികതയുള്ള ഇടമാണ് നാഷണല്‍ ഹെറാള്‍ഡ്. രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണത്. ആ പാരമ്പര്യം ബി.ജെ.പി ക്ക് അറിയില്ല. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ട.