ആലപ്പുഴ: സംസ്ഥാനത്ത് ദേശീയപാത വികസനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കത്തെ ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
നേരത്തെ നിശ്ചയിച്ചതു പ്രകാരം 2017 ല്‍ തുടങ്ങിയിരുന്നുവെങ്കില്‍ 2020 ല്‍ പൂര്‍ത്തിയാകുമായിരുന്നെന്നും നാലുവരി പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ് ഉള്ളതെന്നും ജി.സുധാകരന്‍ പറഞ്ഞു.
കാസര്‍ഗോട് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കള വരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒന്നര വര്‍ഷം മുമ്പ് തന്നെ ചെയ്‌തെന്നും എന്നാല്‍, ടെണ്ടര്‍ നടപടിയിലേക്ക് കേന്ദ്രം പോയില്ലെന്നും ഇടത് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കിയാല്‍ അതിന്റെ ഗുണം സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടുമെന്നും അതിനാലാണ് ബിജെപി സര്‍ക്കാര്‍ ഇത് ചെയ്തതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
നാലുവരി റോഡിന്റെ നിര്‍മ്മാണം തുടങ്ങുവാന്‍ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. കീഴാറ്റൂരിലേതടക്കമുള്ള എല്ലാ പ്രശ്‌നവും പരിഹരിച്ചു. ഇനി അടുത്ത സര്‍ക്കാരിലാണ് പ്രതീക്ഷ, ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.