ദേശീയപാത വിവാദം; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: അരൂര്‍-ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ എം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാന്‍. റോഡ് നിര്‍മ്മാണത്തിലെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ആരിഫ് ആവശ്യപ്പെട്ട വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

പാര്‍ട്ടി ഘടകമായ ജില്ലാ കമ്മിറ്റിയില്‍ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് എതിരെ ആരിഫ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫിന്റെ തന്നെ പരാതിയില്‍ അരൂര്‍- ചേര്‍ത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.

അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയര്‍ത്തിയതും പാര്‍ട്ടിയോട് ആലോചിക്കാത്തതും ആരിഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 KM) പുനര്‍നിര്‍മ്മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്.

Top