ദേശീയപാതയുടെ വികസനം തുമ്പോളിയില്‍ അലൈന്‍മെന്റ് മാറ്റിയത് അന്വേഷിക്കണം : ബി.ജെ.പി

ആലപ്പുഴ : ദേശീയപാതയുടെ വികസനം തുമ്പോളിയില്‍ അലൈന്‍മെന്റ് മാറ്റിയത് അന്വേഷിക്കണമെന്ന് ബി.ജെ.പി.

വളവും തിരിവും ഒഴിവാക്കി നിര്‍മ്മിക്കുന്ന നാലുവരിപ്പാത ആലപ്പുഴയിലെ തുമ്പോളിയില്‍ എത്തുമ്പോള്‍ വളയാനുണ്ടായ കാരണവും അതിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

2009 ലും 2012 ലും ഉള്ള വിജ്ഞാപനമനുസരിച്ച് റോഡിന് ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് വളവില്ലാതെ നേരെ പോകേണ്ട ദേശീയപാത ഇപ്പോള്‍ ഒരു ആശ്രമത്തിന്റെ മറവില്‍ വളയ്ക്കുന്നതിനു പിന്നില്‍ ധനമന്തിയും പൊതുമരാമത്തു മന്ത്രിയും നടത്തിയ ഇടപെടലാണ് എന്ന ആരോപണം ശക്തമാണ്.

ദേശീയപാതയുടെ പടിഞ്ഞാറു വശത്തുള്ളവര്‍ ആദ്യം വിട്ടുകൊടുത്ത 15 മീറ്ററും ഇപ്പോള്‍ വിട്ടുകൊടുക്കുന്ന 14.5 മീറ്ററും ചേര്‍ത്ത് 29.5 മീറ്റര്‍ വിട്ടുകൊടുക്കുമ്പോള്‍ പാതയുടെ കിഴക്ക് ആശ്രമത്തിന്റെ ഭാഗത്തുനിന്നും പോകുന്നത് കേവലം അര മീറ്റര്‍ മാത്രമാണ്. നിരവധി നിര്‍ദ്ധന കുടുംബങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുത്തി അധികാരികള്‍ നടത്തുന്ന ഈ ഗൂഢനീക്കത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളവും തിരിവുമില്ലാത്ത ആലപ്പുഴയിലെ ദേശീയപാത നിരവധി അപകടമരണങ്ങള്‍ക്ക് കാരണമായ തുമ്പോളിയില്‍ എത്തുമ്പോളാണ് വളയുന്നത് എന്നത് ശ്രദ്ധേയമാണ്. ഇവിടം വളയ്ക്കാതെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് വിവേചനം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി.മോഹനന്‍, മണ്ഡലം ഭാരവാഹികളായ എന്‍.ഡി.കൈലാസ്, കെ.ജി.പ്രകാശ്,സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Top