രാജ്യത്തെ ദേശീയപാതയുടെ ദൈര്‍ഘ്യം രണ്ടു ലക്ഷം കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഢ്കരി.
നിലവില്‍ 96,000 കിലോമീറ്റര്‍ ദേശീയപാതയാണ് രാജ്യത്തുള്ളത്.
ന്യൂസ് കോര്‍പ് വി സി സര്‍ക്ക്‌ളിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘ഇന്‍ഫ്രാ സര്‍ക്കിള്‍’ അവതരണവേളയില്‍ 1.65 ലക്ഷം കിലോമീറ്റര്‍ ദേശീയപാതയും മന്ത്രി പ്രഖ്യാപിച്ചു.
റോഡ് അപകടങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതു തടയാന്‍ മുന്തിയ പരിഗണന നല്‍കുമെന്നും ഗഢ്കരി വ്യക്തമാക്കി.
ഇതിനായി ദേശീയപാത നിര്‍മാണ രംഗത്തെ പങ്കാളികള്‍ അവരവരുടെ ഉത്തരവാദിത്തം ആത്മാര്‍ഥമായി നിറവേറ്റണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജ്യത്തു ദേശീയപാത നിലവാരമുള്ള റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗതാഗതത്തിരക്കിലെ വര്‍ധന വിലയിരുത്തി ദേശീയപാതകള്‍ നാലു വരിയായും ആറു വരിയായും വികസിപ്പിക്കുമെന്നും ഗഢ്കരി വെളിപ്പെടുത്തി.
തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായവല്‍ക്കരണത്തിനായി സര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതി രാജ്യത്തിന്റെ ഭാവി വികസനത്തെ ഗണ്യമായ സ്വാധീനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, വളര്‍ച്ചയ്ക്കുള്ള എന്‍ജിന്‍ എന്ന നിലയിലും അടിസ്ഥാന സൗകര്യ വികസന മേഖല സുപ്രധാനമാണ്.
ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വിവിധ അംഗീകാരങ്ങള്‍ ലഭ്യമാക്കാനായി മന്ത്രാലയങ്ങള്‍ ധാരണയോടെ പ്രവര്‍ത്തിച്ചുമൊക്കെ പദ്ധതികളുടെ ചെലവ് നിയന്ത്രിക്കാനാവുമെന്നും ഗഢ്കരി വിശദീകരിച്ചു.