അയ്യപ്പൻ നായരിലൂടെ ബിജു മേനോന് ദേശിയ ബഹുമതി

മികച്ച സഹനടനുള്ള ദേശിയ പുരസ്കാരം മലയാളികളുടെ പ്രിയ നടൻ ബിജു മേനോൻ നേടി. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ അവാർഡ്. ബിജു മേനോന് ലഭിക്കുന്ന ആദ്യ ദേശിയ പുരസ്കാരമാണിത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും ഈ വർഷം ബിജു മേനോനെ തേടിയെത്തിയിരുന്നു.

ഒരു ചെറിയ നിയമ ലംഘനവും അതിനെ തുടർന്നുണ്ടാകുന്ന കേസുകളുടെ പരമ്പരകളുമാണ് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിന്റെ പ്രമേയം. പതിനേഴു വർഷം ഹവീൽദാർ ഉദ്യാഗത്തിലിരുന്ന കോശി കുര്യനും വിരമിക്കാൻ രണ്ടു വർഷം മാത്രം സർവീസിൽ ബാക്കിയുള്ള അയ്യപ്പൻ നായരും ഒരു തരി പോലും വിട്ടു വീഴ്‌ച ചെയ്യാത്തവരും വാശിക്കാരുമാണ്. ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതും ആ വഴി തന്നെയാണ്. ഒരേസമയം രണ്ടു കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടു പോകുന്ന അവസ്ഥ.

അട്ടപ്പാടി സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരായി വേഷമിട്ട ബിജുമേനോന്‍ രണ്ടു തലത്തിലുള്ള വേഷങ്ങളെയാണ് അഭ്രപാളിയിലെത്തിച്ചിരിന്നത്. നിയമം മാത്രം നോക്കി സത്യസന്ധമായി ജോലി ചെയ്യുന്ന 27 വര്‍ഷത്തെ സര്‍വീസുള്ള അയ്യപ്പന്‍ നായര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സ്വന്തം ഭാര്യയ്‌ക്കെതിരെ പരാതി വന്നപ്പോള്‍ പോലും മുഖം നോക്കാതെ നടപടിയെടുത്ത ഓഫീസറാണ് അയ്യപ്പന്‍. എന്നാല്‍ കോശി കാരണമുണ്ടാകുന്ന ചില പ്രശ്‌നങ്ങളില്‍ നിന്നും പിടിവള്ളി നഷ്ടപ്പെടുന്ന അയ്യപ്പന്‍, അനുസരിച്ച അതേ നിയമങ്ങളെ കാറ്റില്‍പ്പറത്തി കോശിയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.

എല്ലാം നഷ്ടപ്പെട്ടതോടെ അയ്യപ്പന്‍ 27 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള, തന്റേടിയായ അപകടകാരിയായ മുണ്ടൂരുകാരനാകുന്നു. പിന്നീട് നിയമങ്ങളുടെ നൂലാമാലകളിലൂടെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തല്ലുകൂടിയുമെല്ലാം അയ്യപ്പനും കോശിയും സഞ്ചരിക്കുന്നു. തുല്യശക്തികളായ അയ്യപ്പനും കോശിയും ഏറ്റുമുട്ടുമ്പോള്‍ ജയം ആരുടെ പക്ഷത്ത് എന്ന ചോദ്യമുയരും. അതുതന്നെയാണ് സിനിമയുടെ വിജയവും. ഇരുവര്‍ക്കും പ്രതിഷേധിക്കാന്‍ അവരവരുടേതായ കാരണങ്ങളുണ്ട്.

നായകനാര് പ്രതിനായകനാര് എന്ന ചോദ്യം പ്രേക്ഷകരെ കുഴപ്പിക്കും. എന്നാലും മനസ്സിനോട് ചേര്‍ന്നു നില്‍ക്കുന്നത് ബിജു മേനോന്റെ അയ്യപ്പന്‍നായരാണ്. പേരിലുള്ള നായരിൽ തന്നെ പ്രതിഷേധം കൊണ്ടുനടക്കുന്ന അയ്യപ്പന്‍ നായര്‍ ആദിവാസി യുവതിയായ കണ്ണമ്മയെ കല്യാണം കഴിച്ച് അട്ടപ്പാടിയില്‍ തന്നെ ജീവിക്കുന്നയാളാണ്.

അയ്യപ്പന്‍ നായരെ സ്‌ക്രീനിൽ മികവുറ്റതാക്കിയതിന് അവാർഡ് ലഭിച്ചതിലെ സന്തോഷം നടൻ ബിജു മേനോൻ പങ്കുവെച്ചു. ഈ അവസരത്തിൽ തനിക്ക് ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരം സച്ചിക്കും തന്റെ അച്ഛനും അമ്മയ്ക്കുമായി സമർപ്പിക്കുന്നുവെന്നുമാണ് ബിജു മേനോൻ പ്രതികരിച്ചത്.

‘രണ്ട് വർഷം മുൻപ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണ്. ഇത്രയും നല്ല കഥാപാത്രം, നല്ലൊരു സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവും. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിന് പുരസ്കാരങ്ങൾ പ്രചോദനമാണ്.’

‘ഈ സിനിമയുടെ തുടക്കം മുതൽ ഞാനുണ്ടായിരുന്നു. ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വിഷമം. ഒരുപാട് സിനിമകൾ മത്സരത്തിലുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു അവാർഡ് പ്രഖ്യാപിക്കാൻ എന്നാണ് അറിഞ്ഞത്. സിനിമകൾ നല്ലത് നോക്കി തന്നെയാണ് ചെയ്യുന്നത്. നല്ല നിലയിൽ മുന്നോട്ട് പോകാൻ പറ്റുന്നുണ്ട്. മലയാള സിനിമ നല്ല രീതിയിൽ വളർന്നു പോകുന്നുണ്ട്. മറ്റ് ഭാഷക്കാരെല്ലാം മലയാള സിനിമ കൂടുതലായി കാണുന്നുണ്ട്.’ നല്ല കാര്യമാണെന്നും ബിജു മേനോൻ പറഞ്ഞു.

1970 സെപ്റ്റംബർ 9-ന് മടത്തിപ്പറമ്പിൽ പി.എൻ. ബാലകൃഷ്ണപിള്ളയുടെയും മാലതിയമ്മ മേനോന്റെയും മകനായാണ് മേനോൻ ജനിച്ചത്. അദ്ദേഹത്തിന് നാല് സഹോദരന്മാരുണ്ട്: സോമൻ, സുരേഷ്, രാജേന്ദ്രൻ, ശ്രീകുമാർ. ബിജു മേനോന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂർ ജില്ലയിലെ J.T.S ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നാണ്. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. മാസ്റ്റർ ഓഫ് സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദവും ചെയ്തു. മലയാളത്തിന്റെ പ്രിയ നായിക സംയുക്ത വർമ്മയെ 2002ൽ അദ്ദേഹം വിവാഹം കഴിച്ചു. ദമ്പതികൾക്ക് ദക്ഷ് ധാർമിക എന്ന മകനുണ്ട്.

നിങ്ങളുടെ സ്വന്തം ചന്തു, പരുദീശയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികൾ തുടങ്ങിയ മലയാളം ടെലിവിഷൻ സീരിയലുകളിലൂടെയാണ് ബിജു മേനോൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പുത്രൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹംമലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നായകനായും, വില്ലനായും സഹ നടനായും അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചു. വെള്ളിമൂങ്ങ എന്ന ചിത്രം വലിയ വിജയമായതോടെ മലയാളത്തിലെ വിലപിടിപ്പുള്ള താരമായി അദ്ദേഹം മാറി. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിൽ വൃദ്ധനായിട്ടാണ് ബിജു മേനോൻ അഭിനയിച്ചത്. അനായാസമായി ആ വേഷം കൈകാര്യം ചെയ്തതിനാണ് ബിജു മേനോന് പുരസ്കാരം ലഭിച്ചത്.

റിപ്പോർട്ട്: ഷിഹാബ് മൂസ

Top