അഹമ്മദാബാദ്: മീ ടു കാമ്പയിനിന്റെ ഭാഗമായി ലൈംഗിക ആരോപണ വിധേയനായ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ സീനിയര്‍ അധ്യാപകനെ പുറത്താക്കി. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ വിഭാഗത്തില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കൃഷ്‌ണേഷ് മേത്തയെയാണ് പുറത്താക്കിയത്. കുറ്റസമ്മതം നടത്തിയ മേത്ത രാജി കത്ത് കൈമാറിയിട്ടുണ്ട്.
ഒക്‌ടോബര്‍ അഞ്ചു മുതല്‍ കാമ്പസിന് അകത്തു പ്രവേശിക്കരുതെന്നും പ്രത്യേക ക്ഷണം ലഭിക്കാതെ കാമ്പസിലെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അന്വേഷണ സമിതി അറിയിച്ചു. എന്‍.ഐ.ഡിയിലെ അക്കാദമിക കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടുന്നതിനും മേത്തക്ക് വിലക്കുണ്ട്.
കൃഷ്‌ണേഷ് മേത്തക്കെതിരെ നിരവധി വിദ്യാര്‍ഥികളാണ് ലൈംഗിക ആരോപണവുമായി മുന്നോട്ടു വന്നത്. ക്ലാസ് മുറിയില്‍ സിലബസുമായി ബന്ധപ്പെടുത്തി ലൈംഗികതയെ കുറിച്ചും ലൈംഗിക ബന്ധത്തെകുറിച്ചും സംസാരിക്കാറുണ്ടെന്നും മോശം പെരുമാറ്റം ഉണ്ടാകാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു.